നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് കായകല്‍പ്പ് പുരസ്കാരം
മലയോര മഹിമ

മലപ്പുറം സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്കാര നേട്ടവുമായി മലയോര ജനതയുടെ ആശ്രയകേന്ദ്രം നിലമ്പൂർ ജില്ലാ ആശുപത്രി. 2024–25ലെ ജില്ലാ ആശുപത്രി/ ജനറൽ ആശുപത്രി/ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിഭാഗത്തിലാണ് നിലമ്പൂരിന് രണ്ടാംസ്ഥാനം ലഭിച്ചത്. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കൊപ്പം രണ്ടാംസ്ഥാനം പങ്കിട്ടു. ഇരു ആശുപത്രികളുടെയും വികസനപ്രവർത്തനത്തിന് 10 ലക്ഷം രൂപവീതം ലഭിക്കും. 2023–24ലും നിലമ്പൂർ ജില്ലാ ആശുപത്രിക്ക് രണ്ടാംസ്ഥാനമുണ്ടായിരുന്നു. 2024ലെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്), ലക്ഷ്യ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിലും സേവനലഭ്യതയിലും മികച്ച മുന്നേറ്റമാണ് ആശുപത്രിയിലുണ്ടായത്. പ്രതിദിനം 2000–2500 പേർവരെ ഒപിയിലെത്തുന്നുണ്ട്. 220 പേരെ കിടത്തിച്ചികിത്സിക്കുന്നു. പ്രതിമാസം 200 പ്രസവവും നടക്കുന്നു. നവകേരളം കർമപദ്ധതിയുടെ ഭാഗമായ നിർണയ ഹബ് ആൻഡ് സ്‌പോക്ക് ലാബ് നെറ്റ് വർക്കിങ്ങിലെ ഹബ് ലാബായി തെരഞ്ഞെടുത്ത ജില്ലയിലെ ആദ്യത്തെ ലബോട്ടറി ഇവിടെയാണ്. 89 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നു. ഒരേസമയം 16 പേർക്ക് സേവനം ലഭിക്കും. പ്രതിദിനം നാല് ഷിഫ്റ്റുകളിലായി 40 രോഗികളെയാണ് ഡയാലിസിസിന് വിധേയമാക്കുന്നത്. 17 കോടി രൂപ ചെലവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 100 കിടക്കകളാണ് ഇവിടെ ഒരുക്കുന്നത്. കാത്ത് ലാബിനായി ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി. പുതിയ കാഷ്വാലിറ്റി കം ഡയഗനോസ്റ്റിക് ബ്ലോക്കിന് കിഫ്ബിയിൽ 10 കോടി രൂപ അനുവദിച്ചിരുന്നു. സ്ട്രോക്ക് യൂണിറ്റ്, കാർഡിയാക് യൂണിറ്റ്, മെഡിക്കൽ ഐസിയു, ജെറിയാട്രിക് വാർഡ്, ബ്ലഡ് ബാങ്ക്, വിമുക്തി ഡി അഡിക്ഷൻ സെന്റർ എന്നിവയുടെ സേവനവും നിലമ്പൂർ ജില്ലാ ആശുപത്രിയിലുണ്ട്. കായകൽപ്പ് കമെൻഡേഷൻ പുരസ്കാരം വിവിധ വിഭാഗങ്ങളിൽ 70 ശതമാനം മാർക്ക് നേടിയ ആരോഗ്യസ്ഥാപനങ്ങൾക്ക് ഒരുലക്ഷം രൂപയുടെ കായകൽപ്പ് കമെൻഡേഷൻ പുരസ്കാരവും നൽകുന്നുണ്ട്. ഇത്തരത്തിൽ താലൂക്ക് ആശുപത്രി വിഭാഗത്തിൽ തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് 85 ശതമാനം മാർക്ക് നേടി അവാർഡ് തുകയ്ക്കർഹമായി. സാമൂഹികാരോഗ്യകേന്ദ്രം വിഭാഗത്തിൽ കാളികാവ് (78 ശതമാനം), ഓമാനൂർ (76), മാറഞ്ചേരി (71) എന്നിവയും കായകൽപ്പ് കമാൻഡേഷൻ പുരസ്കാരത്തിനർഹമായി.











0 comments