ചിറ്റരത്ത വളരുന്നു; മരുന്നും വരുമാനവുമായി

ചിറ്റരത്ത കൃഷിയിൽ വിജയംകൊയ്യുന്ന ജുമൈലാ ബാനു
കെ പി ഭാസ്കരൻ
Published on Jul 08, 2025, 01:09 AM | 1 min read
വണ്ടൂർ
ഒന്നും രണ്ടും തൈ അല്ല, ചിറ്റരത്ത ഇടതൂർന്നുവളർന്ന പാടം കണ്ടിട്ടുണ്ടോ? അങ്ങ് വണ്ടൂർ എറിയാട് എത്തിയാൽ ചിറ്റരത്ത പച്ചവിരിച്ച പ്രദേശങ്ങൾ കാണാം. കോയമ്പത്തൂരിലെ ഫാർമസിക്കുവേണ്ടി എറിയാട് സ്വദേശി ജുമൈലാ ബാനുവാണ് ആയുർവേദ മരുന്ന് കൃഷിയിൽ വിജയം വിളയിക്കുന്നത്. 12 വർഷമായി കാർഷിക രംഗത്ത് വേറിട്ട കൃഷി പരീക്ഷണങ്ങളുമായി സജീവമാണ് ജുമൈലാ ബാനു. ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത വിത്തുകളാണ് ചിറ്റരത്ത കൃഷിക്ക് ഉപയോഗിച്ചത്. ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത. വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാകും. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദം. ചിറ്റരത്തയുടെ ഭൂകാണ്ഡമാണ് ഔഷധയോഗ്യമായ ഭാഗം. ബാലചികിത്സാരംഗത്ത്, നീര്‍വീഴ്ച, ചുമ, കഫക്കെട്ടുമൂലമുള്ള നെഞ്ചുവേദന എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു. കിലോക്ക് 600 രൂപവരെ വിലയുണ്ട്. കൃഷി ഏറെ വിജയകരമായതായി ജുമൈല ബാനു പറഞ്ഞു. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍വേണം ചിറ്റരത്ത നട്ടുവളര്‍ത്താൻ. ഒരുചെടിയിൽതന്നെ വളരെയധികം ചിനപ്പുകള്‍പൊട്ടി കൂട്ടമായി വളരുന്ന സ്വഭാവമുള്ള സസ്യമാണിത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. തയ്യാറാക്കിയ കൃഷിസ്ഥലത്ത് തടങ്ങളില്‍ അടിവളം ചേര്‍ത്ത് നടാം. അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. നട്ടശേഷം പുതയിടല്‍ നടത്തണം. തുടര്‍ന്നുള്ള കാലങ്ങളില്‍- കളയെടുപ്പ് നടത്തി വളപ്രയോഗംചെയ്യണം. നട്ട് 18 മാസം പിന്നിട്ടാല്‍ മരുന്നിനായി വിളവെടുക്കാം. തുടര്‍ന്ന് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുന്നു. രാസനാദി പൊടിക്കുപുറമെ വിവിധ ആയുർവേദ ഔഷധങ്ങളിലും ചിറ്റരത്ത ഉൾപ്പെടുത്തുന്നുണ്ട്. സാധാരണ കാർഷികവിളകളെപ്പോലെ പന്നിശല്യം കീടങ്ങളുടെ ആക്രമങ്ങളും ഈ ചെടിക്കില്ല. വളംചെയ്യലടക്കമുള്ള പരിചരണ ചെലവുകളും കുറവാണ്.










0 comments