ലോകാരോഗ്യദിനം ഇന്ന്
ഗർഭസ്ഥശിശുവിനുമുണ്ട് അവകാശം: തുടരുകയാണ് ഡോ. കെ പ്രതിഭയുടെ പോരാട്ടം

ഡോ. കെ പ്രതിഭ
മനു വിശ്വനാഥ്
Published on Apr 07, 2025, 12:10 AM | 1 min read
താനൂർ
ഗർഭസ്ഥശിശുവിന്റെ അവകാശ സംരക്ഷണത്തിന് വനിതാ ഡോക്ടറുടെ നിയമപോരാട്ടം ലോകാരോഗ്യദിനത്തിൽ ശ്രദ്ധനേടുന്നു. ഗർഭപാത്രത്തിനകത്ത് ശരിയായ രീതിയിൽ വളരുവാനും പുറത്തുവരുവാനുമുള്ള മൗലിക അവകാശത്തിനായാണ് താനൂർ സ്വദേശിയും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറുമായ ഡോ. കെ പ്രതിഭയുടെ നിയമപോരാട്ടം. വീട്ടുപ്രസവങ്ങൾ നിയന്ത്രിക്കുവാൻ സർക്കാർ മാനദണ്ഡങ്ങൾ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ഡോ. പ്രതിഭ ഹൈക്കോടതിയിൽ ഹർജിയും നൽകി. ഇതിൽ സർക്കാരിന്റെ നിലപാട് തേടിയിരിക്കയാണ് കോടതി. ജനനസമയത്തും ഗർഭപാത്രത്തിൽ വളരുമ്പോഴും ശരിയായ വൈദ്യപരിചരണം കുഞ്ഞിന്റെ അവകാശമാണെന്നും ഇത് സൗജന്യമായി സർക്കാർ ആശുപത്രികൾ ഉറപ്പുനൽകുന്നുമുണ്ട്. വീട്ടുപ്രസവം മതിയെന്ന തീരുമാനമെടുക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്നും ഇവിടെ കുഞ്ഞിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകർക്കും സർക്കാരിനും ബാധ്യതയും ഉത്തരവാദിത്തവുമുണ്ടെന്നാണ് ഡോ. പ്രതിഭ പറയുന്നത്. പ്രസവത്തോടനുബന്ധിച്ചുണ്ടാകാൻ സാധ്യതയുള്ള സങ്കീർണതകളായ അമിത രക്തസ്രാവം, രക്താദിമർദം, അണുബാധ, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം തുടങ്ങിയവ ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെങ്കിൽ അപകടകരമാകും. സൗജന്യ വൈദ്യസഹായം കേരളത്തിലെ സർക്കാർ ആശുപത്രികൾ ഉറപ്പുനൽകുമ്പോൾ വീട്ടുപ്രസവങ്ങളിലൂടെ കുഞ്ഞുങ്ങളെ അപകടപ്പെടുത്തുന്നത് അംഗീകരിക്കുവാൻ കഴിയില്ലെന്ന് ഡോ. കെ പ്രതിഭ പറയുന്നു. റിമാൻഡ് പ്രതികളുടെ വൈദ്യപരിശോധനയ്ക്ക് കൃത്യമായ മാർഗരേഖ സർക്കാർ പുറത്തിറക്കിയത് ഈ വനിതാ ഡോക്ടറുടെ ശ്രമഫലമായിട്ടായിരുന്നു. രോഗീപരിചരണത്തിന്റെ ആവശ്യകത ഇന്ന് വർധിച്ച പ്രാധാന്യമർഹിക്കുന്നു. രോഗികളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുവാൻ സഹായിക്കുകയാണ് ഡോക്ടറുടെ പ്രഥമ ഉത്തരവാദിത്തം. രോഗികളോട് അനുകമ്പയോടെ പെരുമാറി അവരുടെ ഭാഗമായി മാറാൻ കഴിയുമ്പോഴാണ് ഏറെ സന്തോഷം ലഭിക്കുന്നതെന്നും ഡോ. കെ പ്രതിഭ പറഞ്ഞു.








0 comments