എവറസ്റ്റും ജയിച്ച് താനൂർ

എളാരം കടപ്പുറം സ്വദേശികളായ സമീർ, മുബഷിർ, റംഷീഖ് എന്നിവർ എവറസ്റ്റ് ബേസ് ക്യാമ്പിൽ
മനു വിശ്വനാഥ്
Published on Mar 25, 2025, 12:14 AM | 1 min read
താനൂർ
നാട് ചുറ്റുക എന്നതായിരുന്നു അവരുടെ ആഗ്രഹം. നാട്ടിലെ കുന്നും മലയുമെല്ലാം കയറിയിറങ്ങി. ഒരുദിവസത്തെ ചർച്ചയിൽ എവറസ്റ്റ് തലയുയർത്തി. എവറസ്റ്റ് കയറൽ ഒരുമോഹമായി. ഉള്ളുറപ്പിനുമുന്നിൽ പ്രതിസന്ധികൾ അലിഞ്ഞു. താനൂർ എളാരം കടപ്പുറം സ്വദേശികളായ പൗറകത്ത് സമീർ (26), കോട്ടിൽ മുബഷിർ (26), കൂഞ്ഞിന്റെ പുരക്കൽ റംഷീഖ് (27) എന്നിവരാണ് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി തിരിച്ചെത്തിയത്. ഹിമാചൽ പ്രദേശിലെ ഹംപ്ത പാസ് വഴിയാണ് യാത്ര തുടങ്ങിയത്. എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് കയറാനുള്ള പാക്കേജുകൾ അന്വേഷിച്ചപ്പോൾ ചെലവ് 70,000 രൂപ മുതലായിരുന്നു. മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളായ മൂന്നുപേർക്കും ഇത് സംഘടിപ്പിക്കാൻ പ്രയാസമായിരുന്നു. ചെലവ് കുറയ്ക്കാൻ എന്തുചെയ്യണമെന്നായി പിന്നീട് ആലോചന. മുമ്പ് ബേസ് ക്യാമ്പിൽപോയ പെരിന്തൽമണ്ണയിലെ സുഹൃത്ത് നൽകിയ ഉപദേശവും ഊർജവും സഹായകമായി. 2024ൽ നേപ്പാളിലെ മച്ചാപുച്ചാരെ, അന്നപൂർണ ബേസ് ക്യാമ്പുകൾ കയറിയതോടെ ധൈര്യം വന്ന സംഘം എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് യാത്ര തുടങ്ങി. ശരാശരി 12മുതൽ 15വരെ ദിവസങ്ങളാണ് ട്രക്കിങ്ങിന് വേണ്ടിവരിക. വിശ്രമത്തിനാണ് കൂടുതൽ പണം വേണ്ടതെന്ന് തിരിച്ചറിഞ്ഞതോടെ വിശ്രമംകുറച്ച് യാത്ര തുടർന്നു. എട്ടുദിവസംകൊണ്ട് ട്രക്കിങ് പൂർത്തീകരിച്ചു. നേപ്പാളിലെ ലുക്ലമുതൽ ലുക്ലവരെയായിരുന്നു ട്രക്കിങ്. മൈനസ് 15മുതൽ 20വരെയായിരുന്നു തണുപ്പ്. അഞ്ചാം ദിവസമായപ്പോഴേക്കും 5000 മീറ്റർ ഉയരത്തിലെത്തി. ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എങ്കിലും ആഗ്രഹത്തിലേക്കുള്ള യാത്ര തുടർന്നു. കുടുംബത്തിന്റെ പിന്തുണ ബലമായി.








0 comments