Deshabhimani

എംഎസ്‌പിയിൽ മഞ്ഞപ്പിത്തം പടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2026, 12:15 AM | 1 min read

മലപ്പുറം

എംഎസ്‌പി ആസ്ഥാനത്ത് പൊലീസുകാരില്‍ മഞ്ഞപ്പിത്തം പടരുന്നു. ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍പ്പെട്ട രോഗമാണ്‌ പടരുന്നത്‌. രണ്ടാഴ്‌ചയിലേറെയായി മഞ്ഞപ്പിത്തബാധ കണ്ടെത്തിയിട്ട്‌. പ്രതിരോധ പ്രവർത്തനങ്ങൾ ഉ‍ൗർജിതമാക്കിയിട്ടുണ്ടെങ്കിലും എംഎസ്‌പി കോന്പ‍ൗണ്ടിൽ സ്‌കൂളടക്കം പ്രവർത്തിക്കുന്നതിനാൽ ആശങ്ക അകന്നിട്ടില്ല. സ്‌കൂൾ വിദ്യാർഥികളിലേക്കും രോഗവ്യാപനമുണ്ടോ എന്നും സംശയമുയർന്നിട്ടുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ എംഎസ്‌പി ആസ്ഥാനത്തെ പൊലീസുദ്യോഗസ്ഥരും ജീവനക്കാരുമടക്കം നിരവധി പേരാണ്‌ മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സ തേടിയത്‌. ചിലർ ഒരാഴ്‌ചയോളം ആശുപത്രിയിൽ കഴിഞ്ഞു. ലക്ഷണങ്ങളൊന്നുമില്ലാതെ പരിശോധന നടത്തിയവർക്കും മഞ്ഞപ്പിത്തം കണ്ടെത്തിയിരുന്നു. ക്വാർട്ടേഴ്‌സിൽ കഴിയുന്നവർക്കും രോഗബാധയുണ്ടായി. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ക്യാമ്പിലെ ജലസ്രോതസ്സുകളിൽ ക്ലോറിനേഷന്‍ നടത്തി. സുരക്ഷിതമായ ജലവിതരണം ഉറപ്പാക്കുന്നതിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ക്യാന്പിലെ ജലസ്രോതസ്സുകളിൽനിന്നാണോ പുറത്തുനിന്നെത്തിച്ച വെള്ളത്തിൽനിന്നാണോ രോഗബാധയെന്ന കാര്യത്തിൽ വ്യക്തതയായില്ല. വ്യക്തിശുചിത്വത്തിലും പരിസരശുചിത്വത്തിലും പ്രത്യേക ശ്രദ്ധ വേണമെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുക, മൂത്രത്തിന് കടുംനിറം ഉണ്ടാകുക, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, പനി, വയറുവേദന തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എംഎസ്‌പി ക്യാന്പിൽ ബോധവല്‍ക്കരണ ക്ലാസും ശുചിത്വ പരിശോധനയും സംഘടിപ്പിച്ചു. അസി. കമാന്‍ഡന്റ് കെ ബൈജു നേതൃത്വം നല്‍കി. ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ റഷീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി ബി പ്രമോജ്, കൂട്ടിലങ്ങാടി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യു നദീര്‍ അഹമ്മദ് എന്നിവര്‍ ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം സദീപ്, കെ ഫസീല എന്നിവര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home