നിലമ്പൂർ ബൈപാസിന് വീണ്ടും നിര്‍മാണോദ്ഘാടനം
മുഖ്യം ക്രെഡിറ്റടിക്കൽ

നിര്‍ദിഷ്ട നിലമ്പൂര്‍ ബൈപാസ്
എം സനോജ്
Published on Nov 05, 2026, 12:06 AM | 1 min read
നിലമ്പൂർ
കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്ത് നിര്‍മാണ ഉദ്ഘാടനം നടത്തിയ നിലമ്പൂർ ബൈപാസിന് പത്ത് വര്‍ഷത്തിനുശേഷം വീണ്ടും നിര്‍മാണോദ്ഘാടനം നടത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. 2016 ഫെബ്രുവരിയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് നിർമാണത്തിന് തുടക്കമിട്ട പദ്ധതിക്കാണ് വീണ്ടും നിർമാണോദ്ഘാടനം. പദ്ധതി നടപ്പാക്കുന്നതിനേക്കാൾ സർക്കാരിന് പ്രധാനം ക്രെഡിറ്റ് അടിക്കലാണെന്ന വിമർശം ശക്തമാണ്. 16ന് മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതിയുടെ രണ്ടാം നിർമാണോദ്ഘാടനം നിർവഹിക്കുക.
1998ൽ വിജ്ഞാപനമിറങ്ങിയ ബൈപാസ് പതിറ്റാണ്ടുകളോളം നടപ്പാകാതെ കിടന്നു. പദ്ധതിക്ക് നിർണായക മുന്നേറ്റമുണ്ടായത് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. എൽഡിഎഫ് ഭരണകാലത്ത് 2.4 കിലോമീറ്റർ ഭൂമി ഏറ്റെടുക്കുകയും രണ്ട് കിലോമീറ്ററിൽ റോഡ് ഫോർമേഷൻ പൂർത്തിയാക്കുകയുംചെയ്തു. പദ്ധതിയുടെ നിർമാണത്തിന് സാമ്പത്തിക അടിത്തറയൊരുക്കിയതും കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്. ഭൂമി ഏറ്റെടുക്കലിനും നിർമാണത്തിനുമായി 2025 മെയ് 20ന് 227.18 കോടി രൂപയുടെ പുതുക്കിയ സമഗ്ര ഭരണാനുമതി നൽകി. ഭൂമി ഏറ്റെടുക്കൽ 109.80 കോടി രൂപയും റോഡ് നിർമാണത്തിന് 93.67 കോടിയും മറ്റ് സൗകര്യങ്ങൾ മാറ്റിസ്ഥാപിക്കൽ 23.70 കോടിയും ഉള്‍പ്പെടെയാണ് 227.18 കോടി അനുവദിച്ചത്. ഭൂമി വിട്ടുനൽകിയ ഉടമകൾക്ക് നഷ്ടപരിഹാരവും കൈമാറി.
ജ്യോതിപ്പടിമുതൽ മുക്കട്ടവരെ 4.387 കിലോമീറ്ററും മുക്കട്ടമുതൽ വെളിയംതോടുവരെ 1.613 കിലോമീറ്ററും ഉൾപ്പെടെ ആറുകിലോമീറ്ററാണ് ബൈപാസിന്റെ നീളം. 30 മീറ്റർ വീതിയുണ്ടാകും. 11 മീറ്റർ വാഹനയാത്രാ പാത, മീഡിയൻ, ഇരുവശങ്ങളിലും മൂന്ന് മീറ്റർ വീതിയിലുള്ള എർത്ത് ഷോൾഡറുകൾ, 1.2 മീറ്റർ നടപ്പാത എന്നിവയും ഒരുക്കും. കെഎസ്ഇബിയുടെ 110 കെവി ടവറുകൾ ഉൾപ്പെടെയുള്ള വൈദ്യുതി സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവും ഭരണാനുമതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ ഭൂമിയും ഏറ്റെടുത്തശേഷംമാത്രമേ ടെൻഡർ നടപടികൾ ആരംഭിക്കാവൂ എന്ന വ്യവസ്ഥയും ഉത്തരവിലുണ്ടായിരുന്നു. ബൈപാസ് യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്–നിലമ്പൂർ–ഗൂഡല്ലൂർ പാതയിലെ ദീർഘദൂര വാഹനങ്ങൾക്കും ചരക്കുവാഹനങ്ങൾക്കും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.








0 comments