മലയോരത്തിന് മഴ ഭീഷണി, ആശങ്കയില്‍ ടൂറിസം മേഖല

എം സനോജ്
Published on Aug 26, 2026, 12:15 AM | 1 min read
നിലമ്പൂർ
ഓണം അവധിക്കാലത്ത് സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച മലയോര മേഖലയ്‌ക്ക് മഴ ആശങ്കയാകുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഓണാവധി ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം കുറയുമോ എന്നാണ് ടൂറിസം മേഖലയിലെ ആശങ്ക. വനംവകുപ്പിനുകീഴിൽ നിരവധി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇവിടെയുണ്ട്. കക്കാടംപൊയിൽ കോടമഞ്ഞ് ഹിൽസ്, കോഴിപ്പാറ വെള്ളച്ചാട്ടം, നെടുങ്കയം മഴക്കാടുകൾ, കനോലി പ്ലോട്ട്, ചാലിയാർ വ്യൂ പോയിന്റ് തുടങ്ങിയവയാണ് പ്രധാനം. തേക്ക് മ്യൂസിയവും ആഢ്യൻപാറ വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് ഏറെ പ്രിയം.
മഴ ശക്തമായാൽ യാത്ര മാറ്റിവയ്‌ക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കാനും പലരും തീരുമാനിച്ചേക്കും. വെള്ളച്ചാട്ടങ്ങൾ, വനമേഖലകൾ, നദീതീരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ സുരക്ഷ മുൻനിർത്തി പ്രവേശന നിയന്ത്രണം ഏർപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.
നെടുങ്കയം, കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം എന്നിവിടങ്ങളിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. വേനലവധിക്കാലത്ത് പ്രതീക്ഷിച്ചത്ര വരുമാനം ലഭിച്ചിരുന്നില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ ഓണാവധിയാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രധാനമായും പ്രതീക്ഷിക്കുന്നത്. സഞ്ചാരികളുടെ വരവ് കുറഞ്ഞാൽ കേന്ദ്രങ്ങളിലെ വരുമാനത്തെ ഇത് ബാധിക്കും. സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റിസോർട്ടുകൾ, വാഹന സർവീസ്, വഴിയോര വ്യാപാരികൾ തുടങ്ങിയവയെയും ബാധിച്ചേക്കും.










0 comments