Deshabhimani

കലിക്കറ്റ് സിൻഡിക്കറ്റ്

വിദ്യാർഥി പ്രതിഷേധത്തിനെതിരെ പ്രമേയം പാസാക്കിയെന്ന വാർത്ത വ്യാജം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2026, 12:34 AM | 1 min read

തേഞ്ഞിപ്പലം

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥി പ്രതിഷേധത്തിനെതിരെ കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് പ്രമേയം പാസാക്കിയെന്ന തരത്തിൽ ചില മാധ്യമങ്ങളിൽവന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ പ്രോ-വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ സ്വീകരിച്ച കടുത്ത നിലപാടിൽനിന്ന് രക്ഷപ്പെടാനും മന്ത്രിയെ പ്രീണിപ്പിക്കാനുമായി മുസ്ലിംലീഗ് നേതൃത്വം ആസൂത്രണംചെയ്ത നാടകമാണിതെന്നും അംഗങ്ങൾ ആരോപിച്ചു. നവംബർ 12ന് നടന്ന സിൻഡിക്കറ്റ് യോഗത്തിന്റെ അജന്‍ഡകൾ പൂർത്തിയാക്കി യോഗം പിരിച്ചുവിട്ട്‌ അധ്യക്ഷനായ വൈസ് ചാൻസലർ വേദി വിടുകയും മറ്റ് അംഗങ്ങൾ ഹാളിന് പുറത്തേക്ക് ഇറങ്ങുകയും ചെയ്യുന്ന സമയത്താണ് മുസ്ലിംലീഗ് പ്രതിനിധിയായ സിൻഡിക്കറ്റ് അംഗം ഒരു കടലാസ് കഷ്ണം ഉയർത്തിക്കാട്ടി പ്രമേയമാണെന്ന് പറഞ്ഞ് ഏകപക്ഷീയമായി വായിച്ചത്. സർവകലാശാലാ സിൻഡിക്കറ്റിൽ പ്രമേയം പാസാക്കാൻ വ്യക്തമായ ചട്ടങ്ങളും പാർലമെന്ററി കീഴ്‌വഴക്കങ്ങളുമുണ്ട്. പ്രമേയത്തിന് മുൻകൂട്ടി നോട്ടീസ് നൽകണം. അധ്യക്ഷന്റെ അനുമതിയോടെ സഭയിൽ അവതരിപ്പിക്കണം. മറ്റൊരംഗം പിന്താങ്ങുകയും സഭയിൽ ചർച്ച നടക്കുകയും ആവശ്യമെങ്കിൽ വോട്ടെടുപ്പിലൂടെ അംഗീകരിക്കുകയും വേണം. ഇതൊന്നുമില്ലാതെ നടത്തിയ ഒരു അഭ്യാസപ്രകടനത്തെ 'സിൻഡിക്കറ്റ് പ്രമേയം പാസാക്കി' എന്ന തരത്തിൽ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണുണ്ടായത്. വാർത്തയുടെ ആധികാരികത അന്വേഷിക്കുകപോലും ചെയ്യാതെ 'ബിഗ് ബ്രേക്കിങ്‌' ആയി നൽകിയ നടപടി മാധ്യമധർമത്തിന് നിരക്കാത്തതാണ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സർവകലാശാലാ രജിസ്ട്രാർക്ക് പരാതി നൽകിയതായും ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങളായ എം ബി ഫൈസൽ, പ്രൊഫ. ഡോ. ടി മുഹമ്മദ് സലീം, പ്രൊഫ. ഡോ. കെ മുഹമ്മദ് ഹനീഫ, ഡോ. കെ പ്രദീപ്കുമാർ, ഡോ. പി സുശാന്ത്, ഇ അബ്ദുറഹീം, പി പി സുമോദ് എംഎൽഎ എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home