ഊത്തപിടിത്തത്തിനെതിരെ മിന്നൽ പരിശോധന

തിരൂർ
പുതുമഴയിൽ ഊത്തപിടിത്തത്തിനായി സ്ഥാപിച്ച മീൻപിടിത്ത വലകളും കൂടുകളും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. കാലവർഷം കനത്തതോടെ തോടുകളിലും പാടശേഖരങ്ങളിലും ‘ഊത്തുകയറ്റം' സജീവമായിരുന്നു. ആദ്യമഴയിൽ പുഴകളിൽനിന്നും ജലാശയങ്ങളിൽനിന്നും ഒഴുക്കിനെതിരെ മീനുകൾ കൂട്ടത്തോടെ മുട്ടയിടാൻ കയറിവരുന്ന പ്രതിഭാസമാണിത്. വരാൽ, മുഷി, കാരി, പരൽ, കുറുവ തുടങ്ങിയ നാടൻമത്സ്യങ്ങളാണ് പ്രധാനമായും ഊത്തുകയറുന്നത്. പരമ്പരാഗത രീതിയിലുള്ള ഒറ്റാൽ, കൂട്, കോരിവലകൾ എന്നിവ ഉപയോഗിച്ചാണ് പലരും മീൻപിടിക്കുന്നത്. മീനുകളുടെ മുട്ടയിടൽ കാലത്തെ മത്സ്യവേട്ട മത്സ്യസമ്പത്ത് വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ഇതോടെയാണ് ഫിഷറീസ് വകുപ്പ് രംഗത്തിറങ്ങിയത്. പരിശോധനയിൽ തോട്ടിന് കുറുകെ സ്ഥാപിച്ചിരുന്ന കൂടുകളും വലകളും ഒഴിവാക്കി. കൂടുകളിൽ കുടുങ്ങിയിരുന്ന ആമ, മത്സ്യങ്ങൾ എന്നിവയെ ജലാശയത്തിലേക്ക് ഒഴുക്കിവിട്ടു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ എഫ് ഷിജി, ഫിഷറീസ് ഓഫീസർ അനഘ, എ മുഹമ്മദ് അഷറഫ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.










0 comments