നീറ്റിലാകുമോ പൊന്നാനിയുടെ സ്വപ്‌നം

പൊന്നാനി കപ്പൽ നിർമാണശാല പദ്ധതി പ്രദേശം
പൊന്നാനി മാരിടൈം ആൻഡ് ഇൻഡസ്ട്രിയൽ ഹബ് നിർമാണത്തിലേക്ക് കടക്കുന്പോഴാണ് തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ. മലബാറിന്റെ തീരപ്രദേശത്തെ ഭാവി വികസനത്തിന് ഏറ്റവും ഗുണമാകുന്ന പദ്ധതിക്ക് എംഎൽഎതന്നെ തുരങ്കംവയ്‌ക്കാനിറങ്ങുന്നത് ആശങ്കയോടെയാണ് ജനങ്ങൾ കാണുന്നത്. പിപിപി മോഡലിൽ വ്യവസായങ്ങളും വികസനവുമെന്ന യുഡിഎഫ് നയംതന്നെ തള്ളിപ്പറയുകയാണ് ഇവിടെ എംഎൽഎ. ചില താൽപ്പര്യങ്ങളാണ് നീക്കത്തിന്റെ പിന്നിലെന്നാണ് സംശയമുയരുന്നത്. പൊന്നാനിയിലെ ജനങ്ങളുടെ സ്വപ്‌നമായ കപ്പൽ നിർമാണശാല പദ്ധതിയുടെ നാൾവഴികളിലേക്കും അട്ടിമറി നീക്കങ്ങളിലേക്കും ഒരന്വേഷണം: ‘നീറ്റിലാകുമോ പൊന്നാനിയുടെ സ്വപ്‌നം’ തയ്യാറാക്കിയത്: ദേശാഭിമാനി പൊന്നാനി ഏരിയാ റിപ്പോർട്ടർ പി എ സജീഷ്.
പൊന്നാനി
പത്തേമാരികൾ നിറഞ്ഞ, പുരാതന വാണിജ്യ തുറമുഖ നഗരമായ പൊന്നാനിയുടെ തീരത്ത് കപ്പലടുത്തതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. 1936ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച 294 മീറ്റർ വാർഫാണ് ചരിത്രത്തിൽ പൊന്നാനിയുടെ അടയാളം. കസ്റ്റംസ് പോർട്ട് ഉണ്ടായിരുന്നതിനാൽ വിദേശ കപ്പലടുപ്പിക്കുന്നതിനായാണ് വാർഫ് നിർമിച്ചത്. വാർഫ് നിർമിച്ചതല്ലാതെ കപ്പലൊന്നും പൊന്നാനിയിലെത്തിയില്ല. ഇന്നത് പോർട്ട് കൺസർവേറ്ററുടെ ഓഫീസാണ്. ബാക്കി ഭാഗം ഫിഷിങ് ഹാർബറിന്റെ നിർമാണത്തിനായി നീക്കി. 140 ഏക്കറിലധികം ഭൂമിയാണ് പോർട്ടിന്റെ അധീനതയിലുള്ളത്. എഴുപതുകൾവരെ പത്തേമാരിക്കാലമായിരുന്നു പൊന്നാനിയുടേത്. പത്തേമാരികൾ അരങ്ങൊഴിഞ്ഞതോടെ മത്സ്യബന്ധന തുറമുഖ നഗരമായി പൊന്നാനി മാറി. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്താണ് പൊന്നാനിയുടെ സാധ്യതകൾ കണക്കിലെടുത്ത് വാണിജ്യ തുറമുഖമെന്ന നിർദേശമുയർന്നത്. ഇതിനായി പദ്ധതിയും തയ്യാറാക്കി. പിന്നീടുവന്ന ഉമ്മൻ ചാണ്ടി സർക്കാർ തുറമുഖം 35 വർഷം കൈവശംവച്ച് തിരിച്ചേൽപ്പിക്കുന്ന കരാറോടെ ചെന്നൈ ആസ്ഥാനമായ മലബാർ പോർട്സ് എന്ന സ്വകാര്യ കമ്പനിക്ക് നിർമാണചുമതല നൽകി. 20 ഏക്കർ ഭൂമിയും കൈമാറി. ആയിരം കോടി ചെലവുവരുന്ന ബൃഹദ് പദ്ധതിയാണ് മലബാർ പോർട്‌സ് തയ്യാറാക്കിയതെങ്കിലും 200 മീറ്റർ കല്ലിടൽമാത്രമാണ് കമ്പനി നടത്തിയത്. പിന്നീട് തിരിഞ്ഞുനോക്കിയില്ല. കമ്പനിയുടെ യോഗ്യത നോക്കാതെയാണ് കരാർ നൽകിയതെന്ന പരാതി തുടക്കത്തിലേ ഉയർന്നിരുന്നു. പദ്ധതിയുടെ പേരിൽ വായ്‌പ നേടിയെടുക്കാനുള്ള ശ്രമമാണ് കമ്പനി നടത്തിയത്. കമ്പനിയെ മാറ്റണമെന്ന ആവശ്യത്തോട് യുഡിഎഫ് സർക്കാർ മുഖംതിരിച്ചു. 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ വിഷയത്തിലിടപെട്ടു. പൊന്നാനി എംഎൽഎയും അന്നത്തെ സ്പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണന്റെ നിരന്തര ഇടപെടലിൽ പലതവണ കമ്പനി മേധാവികളുമായി ചർച്ച നടത്തിയെങ്കിലും നിർമാണം നടന്നില്ല. ഇതേത്തുടർന്ന് കമ്പനിയെ മാറ്റാൻ സർക്കാർ തീരുമാനിച്ചു. 2022 ഒക്ടോബറിൽ മലബാർ പോർട്സിനെ നിർമാണ ചുമതലയിൽനിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ഇൗ സാഹചര്യത്തിലാണ് പൊന്നാനിയുടെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തുന്നതിന് എൽഡിഎഫ് സർക്കാർ ആധുനിക ഷിപ്പ്‌യാർഡ് പദ്ധതി വിഭാവനംചെയ്‌തത്. കപ്പൽ നിർമാണരംഗത്ത് കൊച്ചിക്കുശേഷമുള്ള കേന്ദ്രമായി പൊന്നാനിയെ മാറ്റിയെടുക്കാനാണ് മാരിടൈം ബോർഡ് ലക്ഷ്യമിട്ടത്. ഒന്നാംഘട്ടത്തിൽ 200 കോടിയും തുടർന്ന് 1000 കോടി രൂപവരെയും നിക്ഷേപിക്കാനായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിൽ ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ, ചെറിയ ട്രോളറുകൾ, തീര– ഉൾനാടൻ കാർഗോ ബോട്ടുകൾ, ബാർജുകൾ, ടഗ്ഗ് ബോട്ടുകൾ, യാത്രാ ബോട്ടുകൾ എന്നിവയും രണ്ടാംഘട്ടത്തിൽ കാർഗോ കപ്പലുകൾ, വാണിജ്യകപ്പലുകൾ എന്നിവയും നിർമിക്കാനായിരുന്നു പദ്ധതി. ഇന്ത്യയുടെ കപ്പൽ നിർമാണ ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കുന്ന പദ്ധതിയുടെ നാൾവഴികളിലേക്ക് നാളെ....









0 comments