നിശ്ശബ്ദത്തിലും പ്രചാരണച്ചൂട്

മലപ്പുറം നഗരസഭ വാർഡ് 13 കാവുങ്ങലിൽ എൽഡിഎഫ് നടത്തിയ നിശ്ശബ്ദ പ്രചാരണത്തിൽനിന്ന്
സ്വന്തം ലേഖകൻ
മലപ്പുറം
വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലും ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിക്കാനിറങ്ങി സ്ഥാനാർഥികൾ. നിശ്ശബ്ദ പ്രചാരണത്തിലേക്ക് കടന്ന ബുധനാഴ്‌ച അതിരാവിലെമുതൽ സ്ഥാനാർഥികളും പ്രവർത്തകരും രംഗത്തിറങ്ങി. സ്ഥാനാർഥിക്കൊപ്പം തൊപ്പിയും പ്ലക്കാർഡും വർണബലൂണും ചിഹ്നംപതിച്ച പോസ്‌റ്ററുകളുമായി പ്രവർത്തകർ വീടുകളിലെത്തി. മുമ്പ് കണ്ടവരെ ഒന്നുകൂടി കണ്ട് വോട്ടുറപ്പിക്കാനും വിട്ടുപോയവരെ നേരിൽകാണാനും ലക്ഷ്യമിട്ടുള്ള അവസാന സന്ദർശനത്തിലായിരുന്നു എല്ലാ സ്ഥാനാർഥികളും. വനിത, വിദ്യാർഥി യുവജന സ്‌ക്വാഡുകളും രംഗത്തിറങ്ങി. ബൂത്തുകളിൽ പ്രവർത്തകർ ഒരുമാസം നീണ്ട പ്രവർത്തനത്തിന്റെ അവസാന ഒരുക്കങ്ങളിലായിരുന്നു. പോളിങ് സ്‌റ്റേഷനുകൾക്കുസമീപം സ്ലിപ്പ് വിതരണത്തിന് കേന്ദ്രങ്ങൾ ഒരുക്കി. ബൂത്തിലേക്കുള്ള വഴികൾ സ്ഥാനാർഥിയുടെ പോസ്‌റ്ററും ബോർഡും ചിഹ്നങ്ങളുമായി നിറച്ചു. വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള അവസാന ഒരുക്കം നടത്തി. സ്ഥലത്തില്ലാത്തവരെയും പ്രായമായവരെയും അസുഖബാധിതരെയും ബൂത്തിലെത്തിക്കാൻ പദ്ധതി തയ്യാറാക്കി. അവസാന വോട്ടറെയും ബൂത്തിലെത്തിക്കാനുള്ള കർമ പദ്ധതികൾ പൂർത്തിയാക്കിയാണ് പാർടി പ്രവർത്തകർ പോളിങ് ദിനത്തിലേക്ക് കടക്കുന്നത്.










0 comments