വരൂ, നിളയോരം ആസ്വദിക്കാം "പൊന്നാനിക്കാരി'ക്കൊപ്പം

സ്വന്തം ലേഖകൻ
പൊന്നാനി
പൊന്നാനി നിളയോരത്തിന്റെ മനോഹര കാഴ്‌ചകൾക്ക് രുചിപകരാൻ ഇനി ‘പൊന്നാനിക്കാരി’യുടെ വിഭവങ്ങൾ. നിളയോരത്ത് സായാഹ്നം ചെലവിടാൻ എത്തുന്നവർക്ക് രുചിയേറും മത്സ്യവിഭവങ്ങൾ ഒരുക്കുകയാണ് ‘പൊന്നാനിക്കാരി’ മൊബൈൽ റസ്റ്റോറന്റ്. പൊന്നാനിയുടെ ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായ നിളയോര പാതയിലാണ് പൊന്നാനിയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മത്സ്യവിഭവങ്ങൾ എത്തുക. സക്കീന, സൈനബ, നസീമ, മുബീന, സുലൈഖ എന്നിവരുടെ നേതൃത്വത്തിലാണ് മൊബൈൽ റസ്റ്റോറന്റ്. പൊന്നാനിയിലെ മത്സ്യങ്ങൾ ഉപയോഗിച്ചുള്ള വിഭവങ്ങൾക്കുപുറമെ പലഹാരങ്ങൾ, ചായ, കാപ്പി എന്നിവയും റസ്റ്റോറന്റിൽ ലഭിക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊന്നാനി നഗരസഭയ്ക്ക് അനുവദിച്ച മത്സ്യഗ്രാമം പദ്ധതിയിൽ പൊന്നാനി തീരത്തെ വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ഫിഷറീസ് വകുപ്പ് രണ്ട് മൊബൈൽ റസ്റ്റോറന്റുകൾ അനുവദിച്ചിരുന്നു. ഒരു യൂണിറ്റിന് 20 ലക്ഷം രൂപയാണ് ചെലവ്. ഇതിലെ ആദ്യ സംരംഭമാണ് ‘പൊന്നാനിക്കാരി’. വനിതാ സംരംഭം നഗരസഭാ ചെയർപേഴ്സൺ സി വി സുധ ഉദ്‌ഘാടനംചെയ്‌തു. കൗൺസിലർമാരായ ടി കെ അഷ്റഫ്, എ പി ശാന്ത, സിഡിഎസ് പ്രസിഡന്റ് ആയിഷ എന്നിവർ സംസാരിച്ചു.









0 comments