മാതേവരെത്തി, മനോഹരമായി

മേലാറ്റൂർ
ഓണപ്പഴമയുടെ നേർക്കാഴ്ചയാണ് മാതേവർ. ഓണനാളുകളിൽ അണിയിച്ചൊരുക്കാൻ പൂത്തറകളിൽ നിറയുന്ന രൂപം. ഇന്ന് പൂക്കളങ്ങൾപോലെ വ്യാപകമായൊരു കാഴ്‌ചയല്ലിത്. എങ്കിലും മേലാറ്റൂർ റെയിൽവേ ഗേറ്റിനുസമീപം അമ്പലപറമ്പ് നാരായണൻ ഇത്തവണയും മാതേവർ നിർമാണത്തിന്റെ തിരക്കിലാണ്. പാരമ്പര്യമായി കിട്ടിയ പ്രവൃത്തി ഇന്നും മികവോടെ പിന്തുടരുന്നു. കാലം മാറിയപ്പൊ ചെറിയ കുറവുണ്ടായെങ്കിലും മുറ്റത്ത് മാതേവരെ വയ്ക്കുന്ന ചടങ്ങ് മലയാളി ഇന്നും തുടരുന്ന ആചാരമാണ്. ഉത്രാടംവരെ പൂക്കളമൊരുക്കി തിരുവോണത്തിന് മാതേവരെ വയ്ക്കുന്നതാണ് ചടങ്ങ്. പണ്ടുകാലങ്ങളിൽ ഓരോ വീട്ടിലും മണ്ണ് ഉപയോഗിച്ച് സ്വന്തമായി മാതേവരെയുണ്ടാക്കിയിരുന്നു. എന്നാൽ പുതിയ തലമുറക്ക് ഒട്ടും പരിചയമില്ലാത്തതായി മാതേവർ (തൃക്കാക്കരപ്പൻ) നിർമാണം. കളിമണ്ണ് ഉപയോഗിച്ച് നിർമിക്കുന്ന മാതേവരുടെ രൂപം തണലത്തുവച്ച് വേണം ഉണക്കിയെടുക്കാൻ. അതുകൊണ്ടുതന്നെ വീടിന്റെ അകത്തുവച്ചാണ് പലപ്പോഴും ഉണക്കിയെടുക്കുന്നത്. പിന്നീട് ചുവന്ന മണ്ണ് ഉപയോഗിച്ച് നിറംകൊടുക്കും. അര, മുക്കാൽ, ഒന്ന് അടി ഉയരത്തിലാണ് നിർമാണം. മൂന്ന് അല്ലെങ്കിൽ അഞ്ച് എണ്ണംവീതമാണ് മുറ്റത്ത് വയ്ക്കേണ്ടത്. ഒരുതവണ ഉപയോഗിച്ചത് അടുത്ത വർഷം ഉപയോഗിക്കാൻ പാടില്ല എന്നാണ് ആചാരം. വെണ്ട ഇലയുടേയോ ചെമ്പരത്തി ഇലയുടേയോ നീര് ചേർത്ത അരിമാവുകൊണ്ട് മുറ്റത്ത് വൃത്താകൃതിയിൽ ചിത്രം (അണിയും) വരയ്ക്കും. ഇതിന് നടുവിൽ ഒരു പീഠത്തിൽ തൃക്കാക്കര അപ്പനെയും മാതേവരെയും വയ്ക്കുന്നതാണ് രീതി. ചില സ്ഥലങ്ങളിൽ തൃക്കാക്കര അപ്പനെ ഉത്രാടം നാളിലും മാതേവരെ തിരുവോണ ദിവസവുമാണ് പ്രതിഷ്ഠിക്കുക. ചതയം നാളിലാണ് ഇതെടുക്കുക. ഇന്ന് പലയിടത്തും മരവും പ്ലാസ്റ്റിക്കുംകൊണ്ട് നിർമിച്ച റെഡിമെയ്ഡ് മാതേവരെയാണ് ഉപയോഗിക്കുക. എന്നാൽ ഇന്നും മണ്ണ് കൊണ്ടുള്ള മാതേവരെത്തന്നെ വയ്ക്കണം എന്ന് നിർബന്ധമുള്ളവരുണ്ട്. അവർതന്നെ ഇപ്പോഴും സമീപിക്കാറുണ്ടെന്നും നാരായണൻ പറഞ്ഞു.










0 comments