കലിക്കറ്റ് സർവകലാശാല
ഇസ്ലാമിക് ചെയർ ഭരണ സമിതി പ്രവർത്തനം നിർത്താൻ വിസിയുടെ ഉത്തരവ്

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ചെയറിന്റെ ഭരണസമിതിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന്റെ ഉത്തരവ്. ചെയറിലെ അനധികൃത പ്രവർത്തനങ്ങളും ഫീസ് പിരിവും സംബന്ധിച്ച് ലഭിച്ച പരാതിയുടെ പേരിൽ നിയോഗിച്ച അന്വേഷണ സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്റെ പേരിലാണ് നടപടി. വൈസ് ചാൻസലറുടെ 'ഇഷ്ടക്കാരായ' കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എ ഐ യഹ്യ (കൺവീനർ), ജേണലിസം വിഭാഗം പ്രൊഫസർ ഡോ. എൻ മുഹമ്മദ് അലി, കെമിസ്ട്രി വിഭാഗത്തിലെ അസി. പ്രൊഫസർ ഡോ. കെ ഫസലുറഹ്മാൻ എന്നിവരടങ്ങിയതാണ് റിപ്പോർട്ട് നൽകിയ അന്വേഷണ കമീഷൻ. ഇവരുടെ ശുപാർശ പ്രകാരം പിവിസിയെ ചെയറിന്റെ ചുമതല ഏൽപ്പിച്ചു. നിലവിലെ സാഹചര്യം വിശദമായ പരിശോധിക്കാനും ചെയറിന് സാമ്പത്തിക സഹായം നൽകുന്ന ഏജൻസിയുടെ പ്രതിനിധികളുമായി ചർച്ച നടത്തി ഭാവി പ്രവർത്തനങ്ങൾക്കുള്ള കർമപദ്ധതി തയ്യാറാക്കാും പിവിസിയെ ചുമതലപ്പെടുത്തി ഡോ. പി രവീന്ദ്രൻ ഉത്തരവും ഇറക്കി. അതിനിടെ അന്വേഷണ കമീഷൻ നടത്തിയ ഹിയറിങ്ങിൽ സർവകലാശാല പറയുന്ന പരാതിക്കാരൻ ഹാജരായിരുന്നില്ല. സർവകലാശാല പരാതിക്കാരന്റെ പേരിൽ ഹാജരാകാൻ അയച്ച നോട്ടീസ് മേൽവിലാസക്കാരനെ കണ്ടെത്താൻ കഴിയാതെ തിരിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം സിൻഡിക്കറ്റ് യോഗം നടന്നുവെങ്കിലും ഇതൊന്നും യോഗത്തിൽ അജന്‍ഡയായി വന്നിട്ടില്ല. ക്യാമ്പസ് യൂണിയൻ പിടിച്ചെടുക്കാൻ തയ്യാറാക്കിയ പദ്ധതിയെ പരാജയപ്പെടുത്തി എസ്എഫ്ഐ വിജയിച്ചതോടെ യൂണിയൻ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ലക്ഷ്യത്തോടെയുള്ള അജന്‍ഡയായിരുന്നു യോഗത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്.







0 comments