ad
Deshabhimani

ട്രോളിങ്‌ നിരോധം കഴിഞ്ഞ്‌ ബോട്ടുകൾ ഇന്ന്‌ കടലിലേക്ക്‌

വലനിറയെ പ്രതീക്ഷകൾ

A breeze of joy is blowing through the boats anchored in the harbor.

ട്രോളിങ് നിരോധം അവസാനിച്ച് കടലില്‍ പോകാൻ തയ്യാറെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍. പൊന്നാനി ഹാര്‍ബറില്‍നിന്നുള്ള കാഴ്ച ഫോട്ടോ: കെ ഷെമീർ

വെബ് ഡെസ്ക്

Published on Jul 31, 2026, 12:30 AM | 1 min read

പൊന്നാനി

​ഹാർബറിൽ നങ്കൂരമിട്ട ബോട്ടുകളിൽ നിറയെ സന്തോഷത്തിന്റെ കാറ്റുവീശുകയാണ്. പാട്ടുപാടിയും കഥപറഞ്ഞും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളെല്ലാം ബോട്ടിനെ സർവസജ്ജമാക്കുന്നു. ഇനി മണിക്കൂറുകൾമാത്രമാണ് ബാക്കി. 52 ദിവസത്തെ ട്രോളിങ്‌ നിരോധം കഴിഞ്ഞ്‌ കടലോളം പ്രതീക്ഷകളുമായി വെള്ളിയാഴ്ച അർധരാത്രിയോടെ ആഴക്കടൽ ലക്ഷ്യമാക്കി ഇവർ യാത്ര തിരിക്കും. ഇനി പ്രതീക്ഷയുടെ ദിനങ്ങളാണ്. കിളിമീനും കൂന്തളും കണവയും ചെമ്മീനുമെല്ലാം കുട്ടനിറയുന്ന കാഴ്ചമാത്രമാണ് ഇവരുടെ മനസ്സുനിറയെ. ഇരുനൂറോളം ബോട്ടുകൾ, മൂവായിരത്തോളം മത്സ്യത്തൊഴിലാളികൾ, പതിനായിരത്തോളം അനുബന്ധ തൊഴിലാളികൾ ഇവരുടെ പ്രതീക്ഷകൾക്ക് അതിരില്ല. കയറ്റുമതി മത്സ്യങ്ങൾ കൂടുതൽ ലഭിക്കണം. എന്നാലേ മെച്ചമുള്ളൂ. നാലും അഞ്ചും ദിവസങ്ങൾ ആഴക്കടലിൽ തങ്ങും. മീൻ ലഭ്യതക്കനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാവും. ‘തിരിച്ച് വരുമേ പൊന്നാനിയുടെ ചാകരക്കാലം...’ പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളിയായ അബൂബക്കർ പറയുന്നു. ‘അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണവും ഡീസലും ഐസും എല്ലാം കരുതിയാണ് യാത്ര’– ബോട്ടിലെ സുനാമിക്ക് (മത്സ്യം ബോട്ടിലേക്ക് വലിച്ച് കയറ്റുന്ന കപ്പി സംവിധാനം) മുകളിൽ കയറി കയർ വലിച്ച് കെട്ടുന്ന ഇതരസംസ്ഥാന തൊഴിലാളിയായ അമീറും സ്രാങ്കായ തമിഴ്നാട് സ്വദേശിയും ബോട്ടുടമയേക്കാൾ പ്രതീക്ഷയിലാണ്. 500 രൂപയാണ് തൊഴിലാളിക്ക് ഒരുദിവസത്തെ ബാറ്റ (ബത്ത). രാത്രിയും പകലും ജോലി ചെയ്താൽ 800 ആവും. ബാക്കി കമീഷനാണ്. മീൻ വിറ്റുകിട്ടുന്നതിൽ ഡീസലും ഐസും ഉൾപ്പെടെയുള്ള ചെലവ് കഴിഞ്ഞുള്ള തുകയുടെ പകുതി ബോട്ട്‌ ഉടമസ്ഥനും പകുതി തൊഴിലാളികളും വീതിച്ചെടുക്കും. അതിനാൽ മീൻ ലഭിച്ചാലേ തൊഴിലാളികൾക്കും കാര്യമുള്ളു. ഓരോ ബോട്ടിലും എട്ടുമുതൽ 12വരെ തൊഴിലാളികളുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home