ad
Deshabhimani

കുഞ്ഞുപൂക്കൾക്ക്‌ 
നിറയെ വർണം

a
വെബ് ഡെസ്ക്

Published on Jun 02, 2026, 12:21 AM | 1 min read

സ്വന്തം ലേഖകൻ

മലപ്പുറം

ബലൂണുകളും തോരണങ്ങളും അലങ്കരിച്ച അക്ഷരമുറ്റത്തേക്ക് അവര്‍ ആവേശത്തോടെയെത്തി. പുത്തനുടുപ്പും ബാഗുകളുമായി അറിവിന്റെയും ചങ്ങാത്തത്തിന്റെയും ലോകത്തേക്ക് കടന്നുവന്നവരെ പുഞ്ചിരി നല്‍കി അധ്യാപകര്‍ സ്വീകരിച്ചു. രക്ഷിതാക്കളുടെ വിരലില്‍ തൂങ്ങി കൗതുകത്തോടെ നടന്നവര്‍ വര്‍ണം നിറഞ്ഞ ക്ലാസ്‌മുറിയിലെത്തിയതോടെ പുതിയ കൂട്ടുകാര്‍ക്കരികിലേക്ക് നീങ്ങി. കുഞ്ഞുടുപ്പിലെയും ബാഗിലെയും ചിത്രങ്ങള്‍ വിവരിച്ച് സന്തോഷം പങ്കുവച്ചു. ജില്ലയില്‍ സ്കൂള്‍ പ്രവേശനോത്സവം ആഘോഷമായി. സ്കൂളുകള്‍ കേന്ദ്രീകരിച്ചും ബ്ലോക്ക്, ജില്ലാതലങ്ങളിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ചേര്‍ന്ന് നവാഗതരെ സ്വീകരിച്ചു. തൊപ്പികളും ബലൂണുകളും റിബണുകളും മധുരവും അക്ഷരച്ചെടികളും നല്‍കിയാണ് ഓരോ കുട്ടിയെയും വരവേറ്റത്. ചില സ്കൂളുകളില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വർണക്കടലാസുകൾ താഴേക്ക്‌ വിതറിയപ്പോൾ സ്കൂള്‍മുറ്റവും നിറങ്ങളാല്‍ നിറഞ്ഞു. കുട്ടികള്‍ സന്തോഷത്തോടെ തുള്ളിച്ചാടി. ഒന്നാംക്ലാസിലെത്തിയവരും ചിരിയോടെയാണ്‌ ക്ലാസുകളിലേക്ക് കടന്നത്. ജില്ലാതല പ്രവേശനോത്സവം തിരുവാലി ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി എ പി അനിൽകുമാർ ഉദ്‌ഘാടനംചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദി 2025ല്‍ നടത്തിയ സര്‍ഗോത്സവത്തില്‍ 17 ഉപജില്ലകളില്‍നിന്ന് പങ്കെടുത്ത സാഹിത്യപ്രതിഭകളായ വിദ്യാര്‍ഥികള്‍ രചിച്ച കവിതകളുടെ സമാഹാരം "സ്‌മൃതി' പ്രകാശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home