ആലിപ്പറമ്പ് പഞ്ചായത്തിലെ മണ്ണിടിച്ചിൽ ഭീഷണി
13 എസ്‌സി കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു

പെരിന്തൽമണ്ണ
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ആലിപ്പറമ്പ് പഞ്ചായത്ത് ആറാം വാർഡ് എടായ്ക്കൽ വാഴേങ്കട കണ്ണത്ത് നഗറിലെ 13 എസ്‌സി കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പുനരധിവാസമൊരുക്കുന്നു. പെരിന്തൽമണ്ണ ബ്ലോക്ക് ആനമങ്ങാട് ഡിവിഷൻ മെമ്പർ കെ ഗിരിജ ബ്ലോക്ക് പഞ്ചായത്ത് മുഖാന്തരം സർക്കാരിന് സമർപ്പിച്ച അപേക്ഷയുടേയും തുടർന്നുള്ള നിരന്തര ഇടപെടലുകളിലൂടെയുമാണ് ഇത് സാധ്യമായത്. കണ്ണത്ത് നഗറിനടുത്തു തന്നെ പുനരധിവാസത്തിനുള്ള അനുയോജ്യ ഭൂമി കണ്ടെത്തി വാങ്ങുന്നതിനും വീടുകളുടെ നിർമാണത്തിനുമായി ഒരു കോടി അറുപത്തി ആറ് ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഇതുപ്രകാരം ഓരോ കുടുംബത്തിനും 5.8 സെന്റ് വീതം ഭൂമി ലഭിക്കും. വീട് നിർമാണത്തിനായി നാല് ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ കഴിഞ്ഞ വർഷങ്ങളിൽ മഴക്കാലത്ത് മിക്കപ്പോഴും ഈ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമായിരുന്നു. തഹസിൽദാർ എ വേണുഗോപാലിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്ലോട്ടുകളുടെ നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ കെ മുസ്തഫ, കെ ഗിരിജ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ പി ഷാജി, പെരിന്തൽമണ്ണ എസ്‌സിഡിഒ ജിസ് കെ ജോസ്, വാർഡ് മെമ്പർ സരോജ ദേവി, എസ്‌സി പ്രൊമോട്ടർ ജീജ, ഗുണഭോക്താക്കളായ പതിമൂന്ന് കുടുംബങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നറുക്കെടുപ്പ് പ്രകാരമുള്ള പ്ലോട്ടുകളുടെ അളന്നു തരംതിരിക്കലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.









0 comments