പുളിക്കലിന് തിളങ്ങണം

കൊണ്ടോട്ടി
മുതുവല്ലൂർ പഞ്ചായത്തിലെ 18 വാർഡുകളും പുളിക്കൽ പഞ്ചായത്തിലെ 22 വാർഡുകളും ചെറുകാവ് പഞ്ചായത്തിലെ ഒരു വാർഡും ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് പുളിക്കൽ ഡിവിഷൻ. ബ്ലോക്ക് ഡിവിഷനുകളായ പള്ളിക്കൽ പഞ്ചായത്തിലെ എയർപോർട്ടും പള്ളിക്കലും ഇതിലാണ്. നേരത്തെ കൊണ്ടോട്ടി ഡിവിഷനായിരുന്നു. പിന്നീട് കരിപ്പൂർ ഡിവിഷനായി. ഇത്തവണയാണ് പുളിക്കലായത്. മുസ്ലിംലീഗ് പ്രതിനിധിയാണ് തുടക്കംമുതല്‍ ജയിക്കുന്നത്. കാലങ്ങളായുള്ള വികസനമുരടിപ്പിന് അറുതിവരുത്തുമെന്ന പ്രഖ്യാപനവുമായാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഐ എം കൊണ്ടോട്ടി ഏരിയാ കമ്മിറ്റിയംഗം എം കെ വസന്തയാണ് എൽഡിഎഫ് സ്ഥാനാർഥി. ജനാധിപത്യ മഹിളാ അസോസിയേഷൻ കൊണ്ടോട്ടി ഏരിയാ വൈസ് പ്രസിഡന്റ്, എൻആർഇജി വർക്കേഴ്സ് യൂണിയൻ കൊണ്ടോട്ടി ഏരിയാ കമ്മിറ്റിയംഗം എന്നീ ചുമതലകളുമുണ്ട്. 33 വർഷത്തെ സേവനത്തിനുശേഷം ആരോഗ്യവകുപ്പിൽനിന്ന് ലേഡി ഹെൽത്ത് ഇൻസ്പെക്ടറായി വിരമിച്ച ഇവര്‍ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി കൺവീനറുമായി. 2002ൽ 32 ദിവസം നീണ്ട അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിൽ പങ്കെടുത്തു. 2013ൽ അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുത്തു. ദളിത് ലീഗ് ജില്ലാ സെക്രട്ടറി വി പി ഷെജിനി ഉണ്ണിയാണ് യുഡിഎഫ് സ്ഥാനാർഥി. വിളയിൽ സ്വദേശി സോജ ഷൈബുവാണ് എൻഡിഎ സ്ഥാനാർഥി.









0 comments