ad
Deshabhimani

ഹാപ്പിനസ്‌ പൊന്നാനി

A
avatar
പി എ സജീഷ്‌

Published on Sep 11, 2025, 12:47 AM | 2 min read

പൊന്നാനി

റോഡും പാലവും കെട്ടിടവുംമാത്രമല്ല കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും മഹാഗോപുരം തീർത്താണ് പൊന്നാനി നഗരസഭ സംസ്ഥാനത്തിന് മാതൃക കാണിച്ചത്. മാനസികനില തെറ്റി തെരുവിലലയുന്നവരെ കണ്ടെത്തി സംരക്ഷിച്ച് ആവശ്യമായ പരിചരണവും മരുന്നും നൽകി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്ഥാപിച്ച ഹാപ്പിനസ്‌ സെന്റർ (എമർജൻസി കെയർ ആൻഡ്‌ റിക്കവറി സെന്റർ) മൂന്ന് വർഷം പിന്നിടുമ്പോൾ പൊന്നാനിക്ക് അഭിമാനിക്കാനേറെ. ഇക്കാലയളവിനുള്ളിൽ ഇതരസംസ്ഥാനക്കാർ ഉൾപ്പെടെ മനോനില തെറ്റി തെരുവിലലഞ്ഞ 106 പേരാണ് ഇവിടെയെത്തി പരിചരണത്തിലൂടെ രോഗമുക്തരായത്. ഇതിൽ 31 പേരും സ്വന്തം വീടുകളിലേക്ക് തിരികെയെത്തി. കുടുംബക്കാർ കൈയൊഴിഞ്ഞവരെ ശാന്തി പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ നേതൃത്വത്തിൽ ആരംഭിച്ച ഹോം എഗൈനിലേക്കും മാറ്റി. അസുഖം ഭേദമായി ലോട്ടറി കച്ചവടം നടത്തുന്നവരും മറ്റു തൊഴിലെടുക്കുന്നവരും ഈ കൂട്ടത്തിലുണ്ട്‌.

കാരുണ്യ പ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഹാപ്പിനസ് സെന്ററിലൂടെ പൊന്നാനി നഗരസഭ. സംസ്ഥാനത്ത് ഇത്തരം പ്രവർത്തനത്തിന് തുടക്കം കുറിച്ച ആദ്യ നഗരസഭയാണ് പൊന്നാനി. 2018ൽ സംസ്ഥാനത്ത്‌ പ്രവർത്തനം ആരംഭിച്ച ചെന്നൈ ആസ്ഥാനമായുള്ള ബാനിയൻസ് എൻജിഒ സംഘടനയുടെയും പൊന്നാനി ശാന്തി പെയിൻ ആൻഡ്‌ പാലിയേറ്റീവിന്റെയും സഹകരണത്തോടെയാണ് ഹാപ്പിനസ്‌ സെന്ററിന് തുടക്കമിട്ടത്‌. കുട്ടിഹസ്സൻകുട്ടിയുടെ മകൻ ഹബീബ് റഹ്മാനാണ് ഇതിനായി ചന്തപ്പടിയിലെ കെട്ടിടം സൗജന്യമായി നൽകിയത്.

സെന്ററിലെത്തുന്നവർ വർധിച്ചതോടെ കേന്ദ്രം പൊന്നാനി ബസ്‌ സ്റ്റാൻഡിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി. നിലവിൽ 22 പേരാണ് ഇവിടെ കഴിയുന്നത്. തദ്ദേശീയർക്കുപുറമേ ഹിന്ദി, തമിഴ്, കന്നട, മറാത്തി ഭാഷ സംസാരിക്കുന്നവരുമുണ്ട്‌. കെട്ടിട വാടക, വൈദ്യുതി, വെള്ളം, ഹൗസ് കീപ്പിങ്‌, വേസ്റ്റ് മാനേജ്മെന്റ്‌ തുടങ്ങി മറ്റ് അനുബന്ധ സൗകര്യങ്ങളല്ലാം നഗരസഭയാണ് നൽകുന്നത്. വർഷത്തിൽ പത്ത് ലക്ഷത്തോളം രൂപ ഇതിനായി നീക്കിവയ്‌ക്കുന്നു. ഒരു കൺസൾട്ടന്റ്‌ സൈക്യാട്രിസ്റ്റ്, സ്റ്റാഫ് നഴ്സ്, മൂന്ന് അസി. നഴ്‌സുമാർ, രണ്ട് സോഷ്യൽ വർക്കർമാർ എന്നിവരുടെ സേവനമുണ്ട്.

മനോനില തെറ്റി നേപ്പാളിൽനിന്ന്‌ പൊന്നാനിയിലെത്തി അലഞ്ഞുതിരിഞ്ഞ മനോജ് മൂന്ന് മാസംമുമ്പാണ് കൃത്യമായ പരിചരണത്തിലൂടെ തിരിച്ച് നേപ്പാളിലെ കുടുംബക്കാരുടെ അടുത്തെത്തിയത്‌. താളംതെറ്റിയ മനസ്സിനോട് വിട പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനായ ശിവകുമാറിനെ കൈവിട്ട ജീവിതം തിരിച്ചുപിടിക്കാൻ ആന്ധ്രപ്രദേശിലെ നെല്ലൂരിലേക്ക് യാത്രയാക്കിയത്‌ ജീവിതത്തിലെ അഭിമാന നിമിഷമായി കാണുകയാണ് നഗരസഭയും ഹാപ്പിനസ് സെന്ററിലെ പ്രവർത്തകരും. പൊന്നാനിയിലെ തെരുവിൽ മുഷിഞ്ഞ വസ്ത്രവും നീട്ടിവളർത്തിയ മുടിയുമായി സമനില തെറ്റി ഒരാളും അലഞ്ഞ് തിരിയരുതെന്ന കാഴ്ചപ്പാടോടെയാണ് നഗരസഭയുടെ മനുഷ്യത്വം നിറഞ്ഞ പ്രവർത്തനം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പഠന ഗവേഷണ കേന്ദ്രമായ കിലയുടെ ആഭിമുഖ്യത്തിൽ ഹാപ്പിനസ് സെന്റർ പഠനവിധേയമാക്കുന്നതിന് നിർദേശിച്ചിട്ടുണ്ട്‌.


ഏർലി ഇന്റർവെൻഷൻ സെന്റർ

​പിറവിയിൽതന്നെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സൈക്കോ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ ചികിത്സ നൽകി സാധാരണ നിലയിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി നഗരസഭ ഏർലി ഇന്റർവെൻഷൻ സെന്ററിന്‌ (ഇഐസി) തുടക്കം കുറിച്ചത്.

2018ൽ, കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതി പൊന്നാനി താലൂക്കാശുപത്രിയിൽ ആരംഭിച്ച കമ്യൂണിറ്റി ഡിസെബലിറ്റി മാനേജ്മെന്റ്‌ സെന്ററാണ് കുട്ടികളുടെ വർധനയും അസൗകര്യവും കണക്കിലെടുത്ത് നഗരസഭ വിപുലമായ സംവിധാനത്തോടെ പൊന്നാനി എംഇഎസ് കോളേജിനുസമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. കലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള റിസർച്ച് സെന്റർകൂടിയാണിത്.


A

മാനസികനില തെറ്റി തെരുവിലലയുന്ന ഒരാൾപോലും ഇല്ലാത്ത നഗരമാക്കി പൊന്നാനിയെ മാറ്റുകയാണ് ഹാപ്പിനസ് സെന്ററിലൂടെ നഗരസഭ ചെയ്യുന്നത്. ചരിത്രത്തിലില്ലാത്ത വിധം വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഭരണസമിതിയുടെ തുടർച്ചയായി ഈ ഭരണസമിതിയും നടപ്പാക്കിയത്. കാരുണ്യവും മനുഷ്യത്വവുമാണ് നാട് ആഗ്രഹിക്കുന്നത്. അതിന് വഴിയൊരുക്കുകയാണ് നഗരസഭ. നഗരസഭ ഡയാലിസിസ് സെന്റർ താലൂക്കാശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പുതുപൊന്നാനി ആയുർവേദ ആശുപത്രി, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമാണ് അഞ്ച് വർഷത്തിനുള്ളിൽ സാധ്യമാക്കിയത്’’.

ശിവദാസ് ആറ്റുപുറം, ചെയർപേഴ്സൺ, പൊന്നാനി നഗരസഭ






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home