ad
Deshabhimani

"ഇവിടെ ഇന്ന്‌ പെരുന്നാളാണ്‌, കേരളം സൂപ്പർ'

a

പശ്‌ചിമ ബംഗാൾ സ്വദേശിയും വ്ലോഗറുമായ മുബാറക്ക്‌ മകൾ പഠിക്കുന്ന എടവണ്ണപ്പാറ വെട്ടുപാറ വാവൂർ എഎംഎൽപി സ്‌കൂളിന്‌ മുന്നിൽ നിന്നും പങ്കുവച്ച വീഡിയോയിൽനിന്ന്‌

വെബ് ഡെസ്ക്

Published on Jun 02, 2026, 12:23 AM | 1 min read

സ്വന്തം ലേഖകൻ

മലപ്പുറം

‘ഇത്‌ കേരളത്തിൽ എന്റെ മകൾ പഠിക്കുന്ന സ്‌കൂളാണ്‌. ഇവിടെ പെരുന്നാൾ ആഘോഷംപോലെയാണ്‌ ഇന്ന്‌. കുട്ടികളും അധ്യാപകരും സന്തോഷത്തിലാണ്‌. സ്‌കൂളിലെ സ‍ൗകര്യങ്ങൾ കണ്ട്‌ നിങ്ങൾ ഞെട്ടരുത്‌. നമ്മുടെ നാട്ടിലേതുപോലെ ശുചിത്വമില്ലാത്ത പള്ളിക്കൂടമല്ലിത്‌. ഇ‍ൗ നാട്‌ മനോഹരമാണ്‌’ –പശ്‌ചിമ ബംഗാൾ സ്വദേശിയും വ്ലോഗറുമായ മുബാറക്ക്‌ നാലാംക്ലാസിൽ പഠിക്കുന്ന മകൾ ജുവൈരിയയെ എടവണ്ണപ്പാറ വെട്ടുപാറ വാവൂർ എഎംഎൽപി സ്‌കൂളിൽ ആദ്യദിനംകൊണ്ടാക്കിയശേഷം നാട്ടിലേക്കയച്ച വീഡിയോ സന്ദേശമാണിത്‌. ബംഗാളിലെ മുർഷിദാബാദിൽനിന്ന് ജോലി തേടിയെത്തി സ്ഥിരതാമസമാക്കിയ ഇ‍ൗ കൂലിപ്പണിക്കാരന്‌ കേരളത്തെക്കുറിച്ച്‌ പറയാൻ നൂറുനാവാണ്‌. ‘ഇവിടെ എല്ലാം സൂപ്പറാണ്‌. പെയിന്റിങ് ചെയ്‌ത ചുവരുകൾ, സുരക്ഷിത കെട്ടിടങ്ങൾ. മനോഹര കളിസ്ഥലങ്ങൾ, നല്ല അധ്യാപകർ. ഞങ്ങടെ നാട്ടിൽ ഇതല്ല സ്ഥിതി. പരിസരമാകെ ചെളിയും വെള്ളക്കെട്ടുമാകും. ആവശ്യത്തിന്‌ അധ്യാപകരുണ്ടാകില്ല. ഉള്ളവർതന്നെ കുട്ടികളെ പഠിപ്പിക്കില്ല. കുട്ടികളെ സ്‌കൂളിൽവിടാൻതന്നെ പേടിയാണ്‌– മുബാറക്ക്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ആറുവർഷംമുമ്പാണ്‌ മുബാറക്ക്‌ കുടുംബസമേതം എടവണ്ണപ്പാറയിൽ സ്ഥിരതാമസമാക്കിയത്‌. രണ്ട്‌ മക്കളുണ്ടായതും ഇവിടെവച്ചാണ്‌. നഴ്സറിമുതൽ കേരളത്തിൽ പഠിക്കുന്ന ജുവൈരിയ എടവണ്ണപ്പാറയിലെ വെട്ടുപാറ വാവൂർ എഎംഎൽപി സ്കൂളിലാണ്‌ പഠനം. സ്‌കൂൾ തുറക്കുംമുന്നേ പാഠപുസ്തകം കിട്ടിയതിന്റെ സന്തോഷം പങ്കുവച്ച്‌ മുബാറക്ക് തയ്യാറാക്കിയ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പിന്‌ ബംഗാളിൽ പോയപ്പോൾ സ്കൂളിന്റെ ഉൾപ്പെടെ സൗകര്യമില്ലായ്മ തുറന്നുകാട്ടിയും മുബാറക്ക് വീഡിയോ ചെയ്തിരുന്നു. വ്ലോഗർകൂടിയായ മുബാറക്കിന്‌ ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തിലധികവും ഫേസ്‌ ബുക്കിൽ 1.18 ലക്ഷവും ഫോളോവേഴ്‌സുണ്ട്‌. ഭാര്യ നജ്‌മു നഹാൽ ഖാത്തൂനും രണ്ട്‌ മക്കൾക്കുമൊപ്പം എടവണ്ണപ്പാറയിൽ വാടകവീട്ടിലാണ്‌ താമസം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home