വാഹിദ് രചിക്കും പുതുചരിത്രം

എൽഡിഎഫ് സ്ഥാനാർഥി പി വി അബ്ദുൾ വാഹിദ് ഇല്ലത്തുപുറായയിൽ വോട്ട് അഭ്യർഥിച്ചെത്തിയപ്പോൾ
തേഞ്ഞിപ്പലം
‘മോൻ ജയിക്കും, ഉറപ്പാണ്'... എൽഡിഎഫ് സ്ഥാനാർഥി പി വി അബ്ദുൾ വാഹിദിനെ ആശ്ലേഷിച്ച് ഇല്ലത്തുപുറായിയിലെ കോളേരി ശാരദയുടെ ആഹ്ലാദത്തോടെയുള്ള വാക്കുകൾ. ഇത് ശാരദേടത്തിയുടെ മാത്രം വാക്കുകളല്ല, തേഞ്ഞിപ്പലം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പര്യടനത്തിന് എത്തുന്പോൾ പി വി അബ്ദുൾ വാഹിദിനെ ജനങ്ങളാകെയും സ്വീകരിക്കുന്നതിങ്ങനെയാണ്. തേഞ്ഞിപ്പലത്തിന് അന്യനല്ല വാഹിദ്. ആദ്യ പോരാട്ടത്തിൽ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമെന്ന് അവർ അവകാശപ്പെട്ടിരുന്ന മൂന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ വെന്നിക്കൊടി നാട്ടിയവനാണ് വാഹിദ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഈ വിജയം. ബാധകമല്ലാത്ത തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ മൂന്നിയൂരിലെ യുഡിഎഫ് ഭരണസമിതി ജനങ്ങളെ ദ്രോഹിക്കാനിറങ്ങിയപ്പോൾ അതിനെതിരെ മുന്നിൽനിന്ന് പോരാടി ജനങ്ങൾക്ക് സർക്കാരിൽനിന്ന് അനുകൂല നടപടിയെടുപ്പിച്ച ചരിത്രവും ഈ യുവ നേതാവിനുണ്ട്. എസ്എഫ്ഐ തിരൂരങ്ങാടി ഏരിയാ സെക്രട്ടറി, ഡിവൈഎഫ്ഐ തിരൂരങ്ങാടി, വള്ളിക്കുന്ന് ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. നിലവിൽ സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ്. പഞ്ചായത്ത് അംഗമായിരിക്കെ വാർഡിലെ കായികതാരങ്ങളായ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ ആരംഭിച്ച ഫുട്ബോൾ പരിശീലന ക്യാമ്പും ശ്രദ്ധേയമായിരുന്നു. ബുധൻ രാവിലെ മാതാപ്പുഴയിൽനിന്ന് ആരംഭിച്ച പര്യടനം പറക്കുത്തപൊറ്റ, ഇല്ലത്തുപുറായ, കക്കാട്ടുപാറ, കോമരപ്പടി, ചെനക്കണ്ടി, നേതാജി, പത്തൂര്, ചേളാരി, മേലെ പടിഞ്ഞാറ്റിൻപൈ, സ്പിന്നിങ് മിൽ, അത്താണി, മേലെ ഇടിമുഴിക്കൽ, പൊയിൽത്തൊടി, കുറ്റിപ്പാല, പുഞ്ചിരി വളവ് എന്നിവിടങ്ങൾക്കുശേഷം പൈങ്ങോട്ടൂരിൽ സമാപിച്ചു. വ്യാഴാഴ്ച അയ്യപ്പൻകാവ് മലയിൽനിന്ന് തുടങ്ങി കാടപ്പടിയിൽ സമാപിക്കും.









0 comments