ജോലി തട്ടിപ്പിനിരയായ അസം സ്വദേശിനിയ്‌ക്ക് ‘സഖി'യുടെ കവചം

മലപ്പുറം
വ്യാജ ജോലി വാഗ്ദാനത്തിൽ കുടുങ്ങി കേരളത്തിലെത്തി ഒറ്റപ്പെട്ട അസം സ്വദേശിനിയായ 48–കാരിക്ക് അഭയമായി പെരിന്തൽമണ്ണയിലെ ‘സഖി' വൺ സ്റ്റോപ്പ് സെന്റർ. കഴിഞ്ഞ മാസം 28–നാണ് അസം സ്വദേശിനി കേരളത്തിലെത്തിയത്. ഇവിടെ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. ദ്വിഭാഷിയുടെ സഹായത്തോടെ യുവതിയിൽനിന്ന് അധികൃതർ വിവരങ്ങൾ ശേഖരിച്ചു. ഇതിനിടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് ചിലർ പെരിന്തൽമണ്ണയിലെ സെന്ററിലെത്തി. എന്നാൽ രേഖകൾ പരിശോധിച്ചതിൽ ഇവർ യഥാർഥ ബന്ധുക്കളല്ലെന്ന് ബോധ്യപ്പെട്ടു. ഇവരുടെ കൂടെ പോകാനും യുവതി വിസമ്മതിച്ചു. തുടർന്ന് അസമിലുള്ള യഥാർഥ ബന്ധുക്കളെ കണ്ടെത്താൻ അസം വനിതാ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു. ബോൺഗോഗോയി ജില്ലയിലെ വൺ സ്റ്റോപ്പ് സെന്റർ വഴി യുവതിയുടെ മകനെ കണ്ടെത്തി. കഴിഞ്ഞദിവസം മകനെത്തി അമ്മയെ നാട്ടിലേക്ക് കൊണ്ടുപോയി. ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ കൂടി ‘സഖി'യുടെ കരുതലിൽ കുടുംബത്തോടൊപ്പം ചേർന്നതിന്റെ സന്തോഷത്തിലാണ് സെന്റർ അധികൃതർ.










0 comments