പാട്ടുപാടി, വോട്ടുതേടി

മലപ്പുറം
‘‘പരിശൊത്ത സ്ഥാനാർഥിക്കായി പിരിശോടെ വോട്ടുകൾ ചെയ്യൂ പരിഹാരമെല്ലാം വേണം, പറഞ്ഞ കാര്യങ്ങൾ ചെയ്യും’’... മുന്നണിയിൽ മാത്രമല്ല, പിന്നണിയിലും തിത്തു ടീച്ചർ തിരക്കിലാണ്. പാട്ടുപാടി വോട്ട് തേടി കന്നിയങ്കത്തിനിറങ്ങുകയാണ് തിത്തു ടീച്ചർ. മലപ്പുറം നഗരസഭ വാർഡ് 35ലെ (സ്‌പിന്നിങ് മിൽ വാർഡ്) എൽഡിഎഫ് സ്ഥാനാർഥിയായ തിത്തു (61)വാണ് തന്റെ തെരഞ്ഞെടുപ്പ് ഗാനം സ്വന്തമായി പാടി റെക്കോഡ് ചെയ്യുന്നത്. 2020ൽ കുട്ടശേരികുളമ്പ് ജിഎംഎൽഎസിൽനിന്ന് എച്ച്‌എം തസ്‌തികയിൽനിന്ന് വിരമിച്ചശേഷമാണ് തിത്തു മാപ്പിളപ്പാട്ടിലേക്ക് ചുവടുവയ്‌ക്കുന്നത്. മെഹ്‌ഫിൽ മാപ്പിളകലാ അക്കാദമി അധ്യാപകൻ ഹമീദ് മഗ്‌രിബിയുടെ കീഴിലാണ് പരിശീലനം. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിൽ മാപ്പിളപ്പാട്ട് ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നുമുണ്ട്. 2023ൽ കെഎസ്‌എസ്‌പിയു ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാംസ്ഥാനം നേടിയാണ് പാട്ടിന്റെ വഴിയിലെ വിജയത്തുടക്കം. 2025ലെ പരിപാടിയിലും വിജയം തുടർന്നു. പിന്നീട്, മെഹ്‌ഫിൽ മാപ്പിളകലാ അക്കാദമിയുടെ റെക്കോഡിങ്ങുകളുടെ ഭാഗമായി. തെരഞ്ഞെടുപ്പ് മത്സരരംഗത്ത് എത്തിയപ്പോൾ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയിലാണ് തെരഞ്ഞെടുപ്പ് ഗാനം സ്വന്തമായി പാടാം എന്ന തീരുമാനത്തിലെത്തിയത്. ഹനീഫ് രാജാജിയാണ് വരികൾ ചിട്ടപ്പെടുത്തിയത്. മലപ്പുറം കുന്നുമ്മൽ ഗ്രീൻ റെക്കോഡിങ് സ്റ്റുഡിയോയിൽ മുതുക്കാട്ടിൽ അക്‌ബറിന്റെ നേതൃത്വത്തിലാണ് റെക്കോഡിങ് നടക്കുന്നത്. പട്ടർകടവ് വട്ടിപ്പറമ്പ് സ്വദേശിയാണ് തിത്തു. ഭർത്താവ്: സി എം നാണി (സിപിഐ എം കോട്ടപ്പടി ലോക്കൽ സെക്രട്ടറി).









0 comments