ഇവിടെ തളിര്‍ക്കുന്നു ജീവിതം

പി രാമകൃഷ്ണന്‍
Published on Dec 04, 2025, 12:15 AM | 1 min read
എടവണ്ണ
"ചെമ്പക്കുത്ത് ലക്ഷംവീട് കോളനിയിലാണ് 50 വര്‍ഷമായി താമസിച്ചിരുന്നത്. ഒരു വീട്ടില്‍ രണ്ട് കുടുംബമായിരുന്നു. അഞ്ച് വീടുകളിലായി ഞങ്ങള്‍ 10 കുടുംബങ്ങള്‍...' അഞ്ചാണ്ട് മുമ്പത്തെ ഇരുണ്ടജീവിതം ഓര്‍ത്തെടുക്കുമ്പോഴും കുണ്ടുങ്ങൽ അസീസിന്റെയും ഭാര്യ മറിയക്കുട്ടിയുടെയും കണ്ണില്‍ ആശ്വാസത്തിന്റെ വെളിച്ചമാണ്. കാരണം, ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തില്‍ എടവണ്ണ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി ഇവര്‍ക്ക് താങ്ങായി. ഓരോ കുടുംബത്തിനും പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കി. ഈ ഭരണസമിതിയോടുള്ള നന്ദി വാക്കുകളിലൊതുങ്ങുന്നതല്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി അഭിലാഷ് പ്രചാരണസമയത്ത് നല്‍കിയ ഉറപ്പ് പാലിച്ചു. അഭിലാഷ് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായതോടെ പുതിയ വീടെന്ന വാഗ്ദാനം യാഥാര്‍ഥ്യമായി. പഴയ ലക്ഷംവീടുകള്‍ പൊളിച്ച് 80 ലക്ഷം രൂപ ചെലവില്‍ 10 പുതിയ വീടുകള്‍ നിര്‍മിച്ചു. 40 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടും ബാക്കി സ്പോണ്‍സര്‍ഷിപ്പുമാണ്. രണ്ട് കിടപ്പുമുറി, അടുക്കള, ഹാള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വീട്. ഇനി കാറ്റും മഴയും ഭയക്കാതെ അന്തിയുറങ്ങാമെന്ന് അസീസും മറിയക്കുട്ടിയും പറയുന്നു. ഇരുവര്‍ക്കും സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുമുണ്ട്.









0 comments