ദിന നിക്ഷേപം തിരിച്ചു നൽകുന്നില്ല
ലീഗ് നിയന്ത്രണത്തിലുള്ള തിരൂരങ്ങാടി ബാങ്കിലേക്ക് നിക്ഷേപകരുടെ മാർച്ച്

ദിന നിക്ഷേപം തിരിച്ചുനൽകാത്തതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള തിരൂരങ്ങാടി സഹകരണ ബാങ്ക് കക്കാട് ശാഖയിലേക്ക് നിക്ഷേപകർ നടത്തിയ മാർച്ച്
തിരൂരങ്ങാടി
ദിന നിക്ഷേപം തിരിച്ചു നൽകാത്തതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള തിരൂരങ്ങാടി സഹകരണ ബാങ്ക് കക്കാട് ശാഖയിലേക്ക് നിക്ഷേപകരുടെ മാർച്ച്. കക്കാട് ബ്രാഞ്ചിലെ 156 ദിന നിക്ഷേപകരുടെ പണമാണ് തിരിച്ചുനൽകാത്തത്. 2020 മുതൽ ഡെയിലി ഡെപ്പോസിറ്റ് സ്കീമിൽ പണം നിക്ഷേപിച്ച അനേകം പാവപ്പെട്ട കുടുംബങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും ബാങ്കിൽനിന്ന് തങ്ങളുടെ തുക ലഭിച്ചിട്ടില്ല. കളക്ഷൻ ഏജന്റ് ജനങ്ങളിൽനിന്ന് ശേഖരിച്ച പണം ബാങ്കിൽ നിക്ഷേപിച്ചെന്നും പിന്നീട് ബാങ്കിലെ ചിലരുടെ ഒത്താശയത്തോടെ ഈ പണം കൈക്കലാക്കിയതായും നിക്ഷേപകർ ആരോപിക്കുന്നു. സംഭവത്തിൽ ബാങ്ക് ജീവനക്കാരനും യൂത്ത് ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ മുൻ വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് കോ – ഓർഡിനേറ്ററുമായിരുന്ന പങ്ങിണിക്കാടൻ സർഫാസിനെതിരെ നേരത്തെ തിരൂരങ്ങാടി പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽപോയ സർഫാസിനെ അന്ന് മൈസൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. 127 അക്കൗണ്ടുകളിൽനിന്നായി 65 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്നാണ് അന്ന് കണ്ടെത്തിയത്. പണം നഷ്ടപ്പെട്ടവർ മുസ്ലിംലീഗ് നേതാക്കളെ സമീപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നിക്ഷേപകർ പറയുന്നു. മാർച്ച് ഇ വി യൂസഫ് ഉദ്ഘാടനം ചെയ്തു. വി പി വിജീഷ് അധ്യക്ഷനായി. അബ്ദുൽ ഹക്കീം ഹാജി പൂങ്ങാടൻ, കദീജ ചെനക്കൽ, മുജീബ് പോക്കാട്ട്, സിദ്ദീഖ് ചെനക്കൽ, അബ്ദുള്ള കാലൊടി, കെ മുഹമ്മദ്, പി ടി ഫൈസൽ, കെ ആസിയ, ഷിഹാബ് ചെനക്കൽ എന്നിവർ സംസാരിച്ചു.









0 comments