ട്രോളിങ് നിരോധം ഇന്ന് അർധരാത്രിമുതൽ
ബോട്ടുകൾ തീരമണഞ്ഞു

പൊന്നാനി ഹാർബറിൽ ബോട്ടുകളിൽ നിന്ന് വല മാറ്റുന്നവർ
പൊന്നാനി
ട്രോളിങ് നിരോധത്തിന് മണിക്കൂറുകൾമാത്രം ശേഷിക്കേ ബോട്ടുകൾ പൊന്നാനി ഹാർബറിൽ നങ്കൂരമിട്ടുതുടങ്ങി. ഭൂരിഭാഗം ബോട്ടുകളും ഒരുദിവസംമുമ്പുതന്നെ തീരമണഞ്ഞു. വലകളും യന്ത്രങ്ങളും ഇറക്കുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യലഭ്യതക്കുറവും ഇന്ധനവില വർധനയും കാരണം പല ബോട്ടുടമകളും ദിവസങ്ങൾക്കുമുമ്പുതന്നെ തീരത്തടുപ്പിക്കാൻ തീരുമാനിച്ചിരുന്നു. സാധാരണ ഗതിയിൽ ട്രോളിങ് തുടങ്ങുന്ന സമത്താണ് ആവശ്യത്തിന് മത്സ്യങ്ങൾ ലഭിച്ചിരുന്നത്. ചെറിയ ബോട്ടുകൾക്ക് പൂവാലൻ ചെമ്മീനും വലിയ ബോട്ടുകൾക്ക് അയലയും ചെമ്പാനും കൊട്ടനിറയുന്ന കാലം. എന്നാൽ ഇത്തവണ പതിവുതെറ്റി. ഒരു വലയ്ക്ക് 10 കൊട്ട മീൻ ലഭിച്ചിരുന്നിടത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഒരു കൊട്ടമാത്രമാണ് കിട്ടിയതെന്ന് തൊഴിലാളികൾ പറയുന്നു. ഇതിനിടെ വലിയ മത്തി ലഭിച്ചത് കുറച്ച് ആശ്വാസമായി. അറ്റകുറ്റപ്പണികളുടെ കാലം ടോളിങ് നിരോധ കാലം ബോട്ടുടമകൾക്ക് സാമ്പത്തിക പ്രതിസന്ധിയുടെ ദിനങ്ങളാണ്. ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുമാത്രം ലക്ഷങ്ങൾ വേണം. വലയുടെ കേടുപാടുകൾ തീർക്കാനും യന്ത്രങ്ങൾ നന്നാക്കാനും വലിയ തുകയാകും. വലുതും ചെറുതുമായ ഇരുന്നൂറോളം ട്രോളിങ് ബോട്ടുകളാണ് ജില്ലയിലുള്ളത്. കർശന പരിശോധന ട്രോളിങ് സമയത്ത് ഇതര സംസ്ഥാനത്തെ ബോട്ടുകളെ കേരളതീരത്ത് മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ല. പരിശോധന കർശനമാക്കും. നിരോധം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അറിയിച്ചു. ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധത്തിനുമുമ്പായി കേരളതീരം വിടണം. ട്രോളിങ് നിരോധം തുടങ്ങുന്ന ദിവസം രാത്രി 12നകം യന്ത്രവൽകൃതയാനങ്ങൾ ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർധരാത്രി 12നുശേഷംമാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടുവാവൂ. നിത്യേനയുള്ള ഇന്ധന വിലവർധന മത്സ്യമേഖലയെ വലിയതോതിൽ ബാധിച്ചു. ഒരുമാസത്തിനിടെ നാല് തവണയാണ് ഇന്ധന വില കൂട്ടിയത്. വലിയ ബോട്ടിന് രണ്ട് ദിവസത്തേക്ക് 1200 ലിറ്റർ ഡീസൽ വേണം. വില വർധനയിൽ പതിനയ്യായിരത്തോളം രൂപയാണ് അധിക ചെലവ്.









0 comments