ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു
സ്വകാര്യമേഖലയില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം

വണ്ടൂര്‍ പോരൂര്‍ പുഷ്പൻ നഗറിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി വസീഫ് സംസാരിക്കുന്നു
വണ്ടൂർ
സ്വകാര്യമേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഡിവൈഎഫ്ഐ 16–ാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ തൊഴിലാളികളിൽ 90 ശതമാനത്തിലധികവും അസംഘടിത, സ്വകാര്യ മേഖലകളിലാണ്. ഭൂരിഭാഗത്തിനും സ്ഥിരമായ തൊഴിൽ, സാമൂഹ്യസുരക്ഷ, മാന്യമായ തൊഴിൽ സാഹചര്യം എന്നിവ ഉറപ്പാക്കപ്പെട്ടിട്ടില്ല. കേന്ദ്രസർക്കാർ നടപ്പാക്കിയ ലേബര്‍ കോഡ് തൊഴിലാളികളുടെ അവകാശങ്ങള്‍ ദുർബലപ്പെടുത്തുകയാണ്. "കോറോ ഹെല്‍ത്ത്' സ്ഥാപനത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ ഇതിനുദാഹരണമാണ്. ലേബര്‍ കോഡിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണം. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളം, ജോലിസ്ഥിരത, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പോരൂര്‍ പുഷ്പൻ നഗറിൽ (ചെറുകോട് ടികെഎം കൺവൻഷൻ സെന്റർ) സമ്മേളനത്തിന്റെ രണ്ടാംദിനം ചർച്ചയും മറുപടിയും ഭാരവാഹി തെരഞ്ഞെടുപ്പും ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണവും നടന്നു. ബ്ലോക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 40 പേർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് എന്നിവര്‍ മറുപടി നല്‍കി. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം വിജിൻ എംഎല്‍എ, എം ഷാജർ, ഗ്രീഷ്മ അജയ്‌ഘോഷ്, സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു എന്നിവർ സംസാരിച്ചു. ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഡിജിറ്റൽ ചൂഷണം അവസാനിപ്പിക്കുക, പിഎസ്‌സിക്കെതിരായ വ്യാജപ്രചാരണത്തിലൂടെ പിൻവാതിൽ നിയമനത്തിന് വഴിയൊരുക്കുന്നത് തടയുക, പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണത്തിനെതിരെ പോരാടുക, മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് നടത്തുന്ന സ്വത്വരാഷ്ട്രീയ കേന്ദ്രീകരണത്തിനെതിരെ ജാഗ്രത പാലിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.








0 comments