‘ഓടിയും ചാടിയും' താനാളൂർ

മനു വിശ്വനാഥ്
Published on Sep 12, 2025, 12:35 AM | 3 min read
മറ്റൊരു പഞ്ചായത്തും കൈവയ്ക്കാത്ത പദ്ധതിയാണ് റിട്ട. അധ്യാപികയായ കെ എം മല്ലിക നേതൃത്വം നൽകുന്ന താനാളൂർ പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുവച്ചത്. വിദ്യാർഥിയുടെ ആരോഗ്യത്തോടൊപ്പം അക്കാദമിക രംഗങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും മാറ്റം വരുത്തുന്നതിനാണ് ‘ഓടിയും ചാടിയും' പദ്ധതി വിഭാവനംചെയ്‌തത്.
താനൂർ
ആരും ചിന്തിക്കാത്ത വഴികളിലൂടെ ‘ഓടിയും ചാടിയും' മുന്നേറുകയാണ് താനാളൂർ പഞ്ചായത്ത്. എൽപി വിഭാഗം കുട്ടികൾക്കായി കായിക വിദ്യാഭ്യാസ മേഖലയിൽ പുതിയ മാതൃക തീർക്കുകയാണ്. മറ്റൊരു പഞ്ചായത്തും കൈവയ്ക്കാത്ത പദ്ധതിയാണ് റിട്ട. അധ്യാപികയായ കെ എം മല്ലിക നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുവച്ചത്. കായികക്ഷമതയും ആരോഗ്യവും വ്യായാമശീലങ്ങളും പരിപോഷിപ്പിക്കുന്നതിനുവേണ്ടിയാണ് പദ്ധതി. നിലവിലെ ആരോഗ്യ കായികക്ഷമത വിലയിരുത്തി ശാസ്ത്രീയവും അന്തർദേശീയവും വ്യവസ്ഥാപിതവുമായ ഒരു പഠനക്രമം വികസിപ്പിക്കുന്നു. വിദ്യാർഥിയുടെ ആരോഗ്യത്തോടൊപ്പം അക്കാദമിക രംഗങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും മാറ്റം വരുത്തുന്നതിനാണ് ‘ഓടിയും ചാടിയും' പദ്ധതി വിഭാവനംചെയ്‌തത്. എൽപി വിഭാഗത്തിൽ കായികാധ്യാപകർ ഇല്ല എന്നതാണ് പദ്ധതി ആവിഷ്കരിക്കാൻ കാരണമായത്. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത എട്ട് പ്രൈമറി വിദ്യാലയങ്ങളിലാണ് സമഗ്ര ആരോഗ്യ കായിക പദ്ധതിയുടെ ഭാഗമായി ഇത് നടപ്പാക്കിയത്. വിദഗ്ധരായ കായികാധ്യാപകരുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ച് പാഠപുസ്തകവും തയ്യാറാക്കി. കുട്ടികൾക്ക് അവരുടെ പ്രകൃതം പരിഗണിച്ചുകൊണ്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ ഉൾച്ചേർത്താണ് പുസ്തകം. അടിസ്ഥാന കായികാരോഗ്യ പ്രവർത്തനങ്ങൾ, ശാരീരിക ക്ഷമതാ ശേഷികൾ, താളാത്മക ചലനങ്ങൾ, മാന്യുപുലേറ്റീവ് സ്കിൽസ്, തദ്ദേശീയ കളികൾ എന്നിങ്ങനെ അഞ്ച് യൂണിറ്റുകളിലൂടെയാണ് കായിക പഠനം നടത്തുന്നത്. ജെൻഡർ സൗഹൃദ പഞ്ചായത്ത് എന്ന ബൃഹദ് പദ്ധതിയിലൂടെ സ്ത്രീകളുടെ ഉന്നമനത്തിനായി മികച്ച പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്തിന് മാതൃകയാണ് താനാളൂർ. ഇതിന്റെ ഭാഗമായി പ്രർത്തിക്കുന്ന ജാഗ്രതാ സമിതി മിനി കോടതി എന്ന നിലയിൽ പ്രവർത്തിക്കുന്നു. സ്തീകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അടിയന്തര പ്രാധാന്യത്തോടെ ഇടപെടാൻ ജാഗ്രതാ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് നടത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഷീ ഗാലറി എന്ന പേരിൽ സ്ത്രീകൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും പത്ര നിർമാണ പരിശീലനവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി സ്ത്രീചിത്രകാരികളുടെ നേതൃത്വത്തിൽ പഞ്ചാത്തിലെ അങ്കണവാടികളുടെ ചുവരിൽ ചിത്രം വരയ്ക്കാനുള്ള പദ്ധതിയിലാണ്. നടപ്പാക്കുന്ന പദ്ധതികളിലൊക്കെയും താനാളൂരിന്റെ മുദ്രചാർത്താൻ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചിട്ടുണ്ട്.
ശ്രദ്ധേയമായ പദ്ധതികൾ
താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്ന് ഡയാലിസിസ് സെന്റർ
ആറിൽ അഞ്ച് സബ്സെന്ററുകൾക്കും സ്വന്തമായി കെട്ടിടം
കെ പുരം സബ്സെന്ററിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം
64 തരം പരിശോധന നടത്താൻ സൗകര്യമുള്ള ലാബ്
ഓപ്പൺ ജിംനേഷ്യം. കിടപ്പുരോഗികൾക്കായി രണ്ട് പരിരക്ഷാ യൂണിറ്റുകൾ
422 ലൈഫ് വീടുകൾ
അറിവകം സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി പഠനയാത്രകൾ, ദിനാചരണങ്ങൾ, കായിക വിദ്യാഭ്യാസ പദ്ധതി, ശാസ്ത്ര കിറ്റ് വിതരണം
എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ പരിശീലനം
എൽപി വിഭാഗം കുട്ടികൾക്ക് കായിക വിദ്യാഭ്യാസ പദ്ധതി, യുപി വിഭാഗം പെൺകുട്ടികൾക്ക് വോളിബോൾ, ബാഡ്മിന്റൺ, കളരി, കരാട്ടെ, ത്വെെക്കോണ്ടോ പരിശീലനം.
സ്കൂളുകളിൽ നീന്തൽ പരിശീലനം. സൈക്കിൾ ക്ലബ്.
2024ലെ സംസ്ഥാനത്തെ മികച്ച കൃഷിഭവൻ അവാർഡ്.
തെങ്ങ്, നെല്ല്, വെറ്റില, വാഴ, കുരുമുളക്, ചെണ്ടുമല്ലിപ്പൂ, മില്ലറ്റ്, തേനീച്ച, വത്തക്ക, പച്ചക്കറി കൃഷി എന്നിങ്ങനെ വിവിധ കൃഷി പ്രോത്സാഹനം.
ഡ്രോൺ ഉപയോഗിച്ച് വളം, കീടനാശിനി പ്രയോഗം. കാർഷിക കർമ സേന രൂപീകരണം. കാർഷിക ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രം. കുട്ടികൾക്കുവേണ്ടി അജമിത്രം പദ്ധതി.
ജെൻഡർ സൗഹൃദ പഞ്ചായത്ത്
ജാഗ്രതാ സമിതി മിനികോടതിയായി പ്രവർത്തിക്കുന്നു
പെൺകുട്ടികൾക്ക് സ്കൂളുകളിൽ ഗെയിംസ്, ആയോധനകലാ പരിശീലനം. എൽപി സ്കൂളുകളിൽ സൈക്കിൾ ക്ലബ്.
സ്ത്രീകൾക്ക് ഷീ തിയറ്റർ, ഷീ ഗാലറി, ചുവർചിത്രകലാ പരിശീലനം, പത്ര നിർമാണ പരിശീലനം, വർഷംതോറും വനിതാ സാംസ്കാരികോത്സവം.
വയോജന വനിത വിനോദയാത്ര, കുടുംബശ്രീ മാതൃകാ സിഡിഎസ്, ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭക.
അങ്കണവാടി പ്രവർത്തകർക്കായി അമ്പിളി വീട് പദ്ധതി.
അഞ്ചുവർഷത്തിനിടെ പഞ്ചായത്തിലെ 37 അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം.
പകൽവീട്, വയോജന വിനോദയാത്ര, കട്ടിൽ - ഊന്നുവടി വിതരണം.
90 ശതമാനം റോഡുകളുടെയും പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കുകയോ, പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്തു.
മാലിന്യസംസ്കരണ രംഗത്ത് 45 ഹരിത കർമ സേനാംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
താനാളൂർ ഇ എം എസ് സ്റ്റേഡിയം പൊതുജനങ്ങൾക്കും കുട്ടികൾക്കും തുറന്നുകൊടുത്തു. കെ പുരം നായനാർ സ്റ്റേഡിയം പ്രവൃത്തി പുരോഗമിക്കുന്നു.
‘ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ചാണ് താനാളൂർ പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുപോകുന്നത്. എല്ലാ വിഭാഗത്തെയും ചേർത്ത് താനാളൂരിനെ ജെൻഡർ സൗഹൃദ പഞ്ചായത്തായി മാറ്റിയെടുക്കുകയാണ് എൽഡിഎഫ് ഭരണസമിതി ചെയ്യുന്നത്. എൽപി വിഭാഗം കുട്ടികൾക്ക് കായിക വിദ്യാഭ്യാസ പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നത്’’.
കെ എം മല്ലിക
പഞ്ചായത്ത് പ്രസിഡന്റ്










0 comments