വേണം; വീട്ടിമുത്തശ്ശിയ്ക്ക് കാതലുള്ള കരുതൽ


എം സനോജ്
Published on May 08, 2026, 12:15 AM | 1 min read
നിലമ്പൂർ
ചരിത്രത്തിലേക്ക് വേരുകളാഴ്‌ത്തിനിൽക്കുന്ന വീട്ടിമുത്തശ്ശിയുണ്ട് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ. ഇന്ത്യൻ റോസ് വുഡ് എന്നറിയപ്പെടുന്ന വീട്ടിമരത്തിന് 204 വയസ്സ് പിന്നിട്ടിരിക്കുന്നു. എന്നാല്‍ റെയില്‍വേ വികസനത്തിന്റെ ഭാഗമായി വീട്ടിമരം മുറിച്ചുമാറ്റുമോ എന്ന ആശങ്കയിലാണ് പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരും ജനങ്ങളും. സമീപത്തെ മുഴുവന്‍ മരങ്ങളും ഇതിനോടകം മുറിച്ചുമാറ്റിയിട്ടുണ്ട്. വീട്ടിമരത്തിനാണെങ്കില്‍ വേണ്ടത്ര സംരക്ഷണം റെയില്‍വേ നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനൊടുവില്‍ വീട്ടിമരത്തിന് ചുറ്റും സംരക്ഷണഭിത്തി നിര്‍മിക്കുകയും ചരിത്രപ്രാധാന്യം അടയാളപ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. 1821ൽ നിലമ്പൂർ കോവിലകം വക സ്ഥലമായിരുന്നപ്പോഴാണ് ഈ വീട്ടിമരം നട്ടത് എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടീഷുകാർ നിലമ്പൂർ ഷൊർണൂർ റെയിൽവേ പാത നിർമിച്ചപ്പോൾ കോവിലകം തമ്പുരാന്റെ നിർദേശ പ്രകാരം വീട്ടിമരം മുറിക്കാതെ സംരക്ഷിച്ചു. 2003ൽ റെയിൽവേ ഈ മരം മുറിച്ചുമാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ പരിസ്ഥിതി സ്നേഹികളുടെ പ്രതിഷേധംമൂലം പിൻമാറുകയായിരുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ 1998ൽ വംശനാശ ഭീഷണി നേരിടുന്ന ജന്തു-സസ്യ വർഗങ്ങളുടെ റെഡ് ഡാറ്റ ബുക്കിൽ ഉൾപ്പെടുത്തിയതാണ് ഇന്ത്യൻ റോസ് വുഡ് എന്നറിയപ്പെടുന്ന വീട്ടിമരം. വയനാട്ടിലെ വീട്ടിമരങ്ങൾ നിലമ്പൂർ തേക്കിനേക്കാൾ പ്രശസ്തവും വിലക്കൂടുതലുള്ളതുമാണ്. ഒരു ക്യുബിക് മീറ്റർ വീട്ടിത്തടിക്ക് രണ്ട് ലക്ഷം രൂപമുതൽ അഞ്ച് ലക്ഷംവരെയാണ് വില.










0 comments