ad
Deshabhimani

മങ്കട പറയുന്നു മാറ്റം വേണം

എല്‍ഡിഎഫ് മങ്കട മണ്ഡലം സ്ഥാനാര്‍ഥി കുന്നത്ത് മുഹമ്മദിന് മൂർക്കനാട് പഞ്ചായത്തിലെ പള്ളിപ്പടിയില്‍ നല്‍കിയ സ്വീകരണത്തില്‍ തെരഞ്ഞെടുപ്പ് ചിഹ്നമായ ലോറി നല്‍കുന്ന കുട്ടി

എല്‍ഡിഎഫ് മങ്കട മണ്ഡലം സ്ഥാനാര്‍ഥി കുന്നത്ത് മുഹമ്മദിന് മൂർക്കനാട് പഞ്ചായത്തിലെ പള്ളിപ്പടിയില്‍ നല്‍കിയ സ്വീകരണത്തില്‍ തെരഞ്ഞെടുപ്പ് ചിഹ്നമായ ലോറി നല്‍കുന്ന കുട്ടി

വെബ് ഡെസ്ക്

Published on Apr 03, 2026, 01:15 AM | 2 min read

മങ്കട

അപരിചിതത്വത്തിന്റെ അകല്‍ച്ചയില്ലാതെ ജനാരവങ്ങള്‍ക്കുനടുവില്‍ തല ഉയര്‍ത്തിനില്‍ക്കുകയാണ് മങ്കട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുന്നത്ത് മുഹമ്മദ്. സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ 10 വര്‍ഷത്തിനിടെ നടപ്പാക്കിയ വികസനം മങ്കടയിലുമെത്തിക്കാന്‍ നേരിന്റെ പാതയില്‍ മുന്നേറുകയാണിയാള്‍. ഒറ്റയ്ക്കാവില്ലെന്ന് പ്രതീക്ഷയേകി നാടും ഒപ്പംകൂടുന്നു. വാഗ്ദാനങ്ങള്‍ പാഴ്‌വാക്കാക്കിയ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെയുള്ള ജനവികാരംകൂടിയാണ് കുന്നത്ത് മുഹമ്മദിന്റെ സ്വീകരണകേന്ദ്രങ്ങളിലെ ആളൊഴുക്ക്. ജനവിധിക്ക് ഒരാഴ്ചമാത്രം ബാക്കിനില്‍ക്കെ പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ദിവസവും ഇരുപതോളം കേന്ദ്രങ്ങളിലാണ് സ്വീകരണമൊരുക്കുന്നത്. രാവിലെ 8.30ന് തുടങ്ങി രാത്രി എട്ടുവരെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി വോട്ട് ഉറപ്പിക്കുന്നു. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കത്തുന്ന ചൂടിലും ചോരാത്ത ആവേശമാണ് എല്ലായിടങ്ങളിലും. ‌വ്യാഴാഴ്ച മൂര്‍ക്കനാട്, കുറുവ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പര്യടനം. നേരത്തെതന്നെ ആദ്യസ്വീകരണ കേന്ദ്രമായ കല്ലുവെട്ടിക്കുഴിയില്‍ ആളുകള്‍കൂടി. സ്ഥാനാര്‍ഥിയെത്തി എല്ലാവരുടെയും അടുത്തുചെന്ന് കൈപിടിച്ച് വോട്ടഭ്യര്‍ഥിച്ചു. ചുരുങ്ങിയ വാക്കുകളില്‍ മങ്കട മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടതിന്റെ ആവശ്യകത വിവിരിച്ചു. "ഞാന്‍ നിങ്ങളിലേക്ക് എന്റെ ചിഹ്നമായ ലോറി അയക്കുകയാണ്. അതില്‍ വോട്ടുകള്‍ നിറച്ച് നിങ്ങള്‍ തിരിച്ചയക്കണം' –കാപട്യങ്ങളേതുമില്ലാത്ത നാട്ടുകാരന്‍ തനതുശൈലിയില്‍ വോട്ടുചോദിച്ചു നിര്‍ത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങളുടെ ഒരു ഗുണഭോക്താവെങ്കിലും ഓരോ സ്വീകരണകേന്ദ്രത്തിലുമുണ്ടാകും. ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നയാള്‍, ലൈഫ് വീട് ലഭിച്ച കുടുംബം, പട്ടയം ലഭിച്ച കുടുംബം, സ്ത്രീസുരക്ഷാ പെന്‍ഷന്‍ ലഭിച്ചയാള്‍, റേഷന്‍ മുടങ്ങാതെ ലഭിച്ച കുടുംബം, പാഠപുസ്തകങ്ങള്‍ നേരത്തെ ലഭിച്ച വിദ്യാര്‍ഥി.... ഇങ്ങനെ സര്‍വമേഖലയിലും കരുതലേകിയ സര്‍ക്കാരിനുള്ള പിന്തുണയറിയിക്കാന്‍ നിരവധിപേരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി അണിനിരക്കുന്നത്. പുന്നക്കാടന്‍കുളമ്പിലെ സ്വീകരണകേന്ദ്രത്തില്‍ സ്ഥാനാര്‍ഥിയെ കാത്തിരുന്ന ലീലയ്ക്കും വടക്കേക്കുളമ്പിലെ വീട്ടുമുറ്റത്തേക്കിറങ്ങിനിന്ന എഴുപത്തിമൂന്നുകാരി പുന്നക്കാട്ടുകുഴി ഇത്തി ഹജ്ജുമ്മയ്ക്കും ഒന്നേ പറയാനുള്ളൂ: "എല്‍ഡിഎഫ് വന്നാലേ പെന്‍ഷന്‍ കിട്ടൂ. ആരെങ്കിലും ജയിച്ചിട്ട് കാര്യമില്ല, നമുക്ക് ഉപകാരമുള്ളവര്‍ ജയിക്കണം. മങ്കടയിലത് കുന്നത്ത് മുഹമ്മദാകും'. വിജയിച്ച് തിരിച്ചുവരാമെന്ന വാക്കോടെയാണ് സ്ഥാനാര്‍ഥി ഇവിടെനിന്ന് മടങ്ങിയത്. രാത്രി എട്ടിന് കെ കെ അങ്ങാടിയില്‍ പര്യടനം സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ ടി കെ റഷീദലി, പി പത്മജ, എ ഹരി, എം പി സലീം, ടി സുബ്രഹ്മണ്യന്‍, പി ജംഷീര്‍, ടി കെ അലി അസ്കര്‍, ടി പി വിജയന്‍, പി നസീം, ഷാജ് ശങ്കര്‍, സി സജി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home