ad
Deshabhimani

തുടരട്ടെ കുതിപ്പ്‌

a
വെബ് ഡെസ്ക്

Published on Apr 09, 2026, 12:15 AM | 3 min read

മുന്നേറ്റത്തിന്റെ ആരോഗ്യമേഖല

ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 2016മുതല്‍ ചെലവിട്ടത് ​676.17 കോടി രൂപ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കല്‍ കോളേജ് ആശുപത്രിവരെ ഇക്കാലയളവില്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നു. ആരോഗ്യവകുപ്പിനുകീഴില്‍ 10 വർഷത്തിനിടെ 351 തസ്‌തിക അനുവദിച്ചു. 20216ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ 351 തസ്തികകളും 2021ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ 83 തസ്‌തികകളും സൃഷ്ടിച്ചു.

ആശങ്കമാറ്റി സിറ്റി ഗ്യാസ്

യുഡിഎഫ് സര്‍ക്കാര്‍‌ ഉപേക്ഷിച്ചുപോയ സിറ്റി ഗ്യാസ് പദ്ധതി യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് ഭരണത്തില്‍. മതതീവ്രവാദ കക്ഷികളെ ഒപ്പംചേര്‍ത്ത് മുസ്ലിംലീഗ് നടത്തിയ രാഷ്ട്രീയ നാടകങ്ങളെയെല്ലാം അതിജീവിച്ചാണ് പദ്ധതി നടപ്പാക്കിയത്. നിലവില്‍ മഞ്ചേരി, മലപ്പുറം നഗരസഭകളില്‍ ഗ്യാസ് വിതരണം ആരംഭിച്ചു. കോട്ടക്കൽ നഗരത്തിലേക്ക് പ്രധാന സ്റ്റീൽ പൈപ്പ്‌ ലൈന്‍ പൂര്‍ത്തിയാക്കി. കോട്ടക്കൽ, പറപ്പൂർ, എടരിക്കോട് എന്നിവിടങ്ങളിലെ ഗ്രാമപ്രദേശത്തെ വീടുകളിലേക്ക് പാചകവാതക വിതരണത്തിനുള്ള ലൈനുകളും സ്ഥാപിച്ചു. ഈവർഷം അവസാനത്തോടെ തിരൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി, നഗരസഭകളിലും സിറ്റി​ ഗ്യാസ്‌ എത്തും. 2027ഓടെ 100 വാർഡുകളിലെ രണ്ടുലക്ഷം വീടുകളിൽ പൈപ്പ് ലൈൻവഴിയുള്ള പാചകവാതകം എത്തും.

വെളിച്ചം കെടില്ല

വൈദ്യുതി ഉല്‍പ്പാദന, പ്രസരണ മേഖലകളില്‍ നിരവധി പദ്ധതികള്‍ പത്തുവര്‍ഷത്തിനിടെ കെഎസ്ഇബി നടപ്പാക്കി. ജില്ലയില്‍ വന്‍ വൈദ്യുതോല്‍പ്പാദന പദ്ധതികളില്ലാത്തതിനാല്‍ പ്രസരണമേഖലയെ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധയൂന്നി. വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് 410.93 കോടി രൂപയുടെ മലപ്പുറം പാക്കേജ് കെഎസ്ഇബി ആവിഷ്കരിച്ചു. ഇന്‍കെല്‍ സിറ്റിയില്‍ 33 കെവി സബ്സ്റ്റേഷന്‍ പ്രവൃത്തി ഭാഗികമായി പൂര്‍ത്തിയാക്കി. കുന്നുംപുറം 33 കെവി സബ്സ്റ്റേഷന്‍, വെന്നിയൂര്‍ 33 കെവി സബ്സ്റ്റേഷന്‍ എന്നിവ പൂര്‍ത്തിയായി. മലപ്പുറം 110 കെവി സബ്സ്റ്റേഷനില്‍നിന്ന് 7.5 കിലോമീറ്റര്‍ നീളത്തില്‍ പുതിയ 33 കെവി ലൈന്‍ പൂര്‍ത്തിയായി.

സ്മാര്‍ട്ട് മലപ്പുറം

അതിവേഗ ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച "കെ ഫോണ്‍' പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക കണക്ഷനുള്ളത് ജില്ലയിലാണ്. മാര്‍ച്ച് 23വരെ 31,281 കണക്ഷൻ നല്‍കി. 3560 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് ഇന്റര്‍നെറ്റ് ലഭിക്കുന്നത്. കലക്ടറേറ്റ് ഉള്‍പ്പെടെ 3195 സര്‍ക്കാര്‍ ഓഫീസുകളും "കെ ഫോണ്‍' സേവനമുണ്ട്. വീടുകള്‍, ഓഫീസുകള്‍, വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും "കെ ഫോണ്‍' കണക്ഷന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മിതമായ നിരക്കില്‍ അതിവേഗവും തടസ്സമില്ലാത്തതുമായ ഇന്റര്‍നെറ്റ് ലഭിക്കുന്നതാണ് നേട്ടം.

​​

പെൻഷൻ 4700 കോടി

ജില്ലയിൽ 10 വർഷത്തിനിടെ 4793.77 കോടി രൂപയാണ്‌ സാമൂഹ്യക്ഷേമ പെൻഷനായി അനുവദിച്ചത്‌. വാർധക്യകാല, വിധവ, ഭിന്നശേഷി, അവിവാഹിത, കർഷകത്തൊഴിലാളി പെൻഷൻ പദ്ധതികളിലൂടെയാണിത്. 2.12 കോടി ഗുണഭോക്താക്കളാണുള്ളത്. 2024ല്‍ 656.72 കോടി രൂപ, 2025ല്‍ 593.77 കോടി രൂപ, 2026 ജനുവരിയില്‍ 64.77 കോടി രൂപ എന്നിങ്ങനെ വിതരണംചെയ്തു.

8148 അതിദാരിദ്ര്യമുക്ത കുടുംബം

അതിദാരിദ്ര്യമുക്ത നവകേരളം *പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 8148 കുടുംബങ്ങളുടെ ജീവിതസാഹചര്യം ഉയർത്തി. വിവിധ മൈക്രോ പ്ലാനുകൾ തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങൾവഴിയാണ് ദാരിദ്ര്യനിർമാർജനം നടപ്പാക്കിയത്‌.

സ്കൂളുകൾക്ക്‌ 272.8 കോടി

വിദ്യാകിരണം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി. 10 വർഷത്തിനിടെ ജില്ലയിലെ 109 സ്കൂളുകളിലായി 272.8 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. 61 വിദ്യാലയങ്ങളിൽ കെട്ടിട നിർമാണം പുരോഗമിക്കുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓരോ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് അഞ്ചുകോടി രൂപവീതം കെട്ടിടത്തിന് അനുവദിച്ചു. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മൂന്ന്‌ കോടി രൂപവീതവും അഞ്ഞൂറിലധികം കുട്ടികള്‍ പഠിക്കുന്ന സര്‍‌ക്കാര്‍ സ്കൂളുകള്‍ക്ക് ഒരുകോടി രൂപവീതവും കെട്ടിടത്തിന്‌ അനുവദിച്ചു.

21,427 നിയമനങ്ങൾ

10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ പിഎസ്‌സിവഴി സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത് ജില്ലയിലെ 21,427 പേര്‍. 2025 ഡിസംബര്‍വരെയുള്ള കണക്കനുസരിച്ചാണിത്. 2016ല്‍ 2560, 2017ല്‍ 2469, 2018ല്‍ 1549, 2019ല്‍ 3892, 2020ല്‍ 1420, 2021ല്‍ 1377, 2022ല്‍ 1663, 2023ല്‍ 2127, 2024ല്‍ 2269, 2025ല്‍ 2101 എന്നിങ്ങനെ നിയമനം നടന്നു.

സേനയിൽ 71 നിയമനം

ആദിവാസി വിഭാഗത്തിൽനിന്ന്‌ 71 പേരാണ്‌ വിവിധ സേനകളുടെ ഭാഗമായത്. 44 യുവാക്കൾക്കും 27 യുവതികൾക്കും നിയമനം നൽകി. കൂടുതൽ പേർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്‌തികയിലാണ്–- 31 പേർ. വനിതാ സിവിൽ പൊലീസ് ഓഫീസർ (നാല്‌), സിവിൽ പൊലീസ് ഓഫീസർ (നാല്‌), വനിതാ പൊലീസ്‌ കോൺസ്റ്റബിൾ (ഏഴ്‌), പൊലീസ് കോൺസ്റ്റബിൾ (എട്ട്‌), സിവിൽ എക്സൈസ് ഓഫീസർ (മൂന്ന്‌), ബീറ്റ് ഫോറസ്റ്റ് ഓഫീസർ (31), വനം വാച്ചർ (നാല്‌), ആയ (10) എന്നിങ്ങനെയാണ് നിയമനം.

56,671 വീടുകൾ

ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയിലൂടെ ജില്ലയിൽ 56,671 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ഇതുവരെ 75,381 വീടുകൾക്കാണ്‌ കരാർവച്ചത്‌. ബാക്കി വീടുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home