പെയിന്റും ബ്രഷും ഇല്ലാതെ വാർത്തകളും വി എസിന്റെ ചിത്രങ്ങളുംകൊണ്ട് തയ്യാറാക്കിയ കൊളാഷിന്റെ ഓർമകൾ പങ്കുവച്ച് മനു കള്ളിക്കാട്
"എന്നാലത് നേരത്തെ പറയണ്ടേ'

മനു കള്ളിക്കാട് താൻ തയ്യാറാക്കിയ കൊളാഷ് ചിത്രം വിഎസ് അച്യുതാനന്ദന് സമ്മാനിക്കുന്നു (ഫയൽചിത്രം)
കെ പി ഭാസ്കരൻ
Published on Jul 25, 2025, 01:15 AM | 1 min read
വണ്ടൂർ
2016ലെ തെരഞ്ഞെടുപ്പുകാലം. പ്രചാരണത്തിന് ആവേശമേകാൻ വി എസ് മലപ്പുറത്തെത്തുന്നതും കാത്തിരിക്കുകയാണ് പ്രവർത്തകർ. പ്രിയനേതാവിനെ സ്വീകരിക്കാൻ നാടൊരുങ്ങി. തിരുവാലിയിൽ എത്തുമ്പോൾ വി എസിനൊരു സമ്മാനം കൊടുക്കണം. ഒരു കൊളാഷ് ചിത്രം. പാർടി ദൗത്യം ഏൽപ്പിച്ചത് ചിത്രകാരൻ മനു കള്ളിക്കാടിനെ. ആ ഓർമകൾ പങ്കുവയ്‌ക്കുകയാണ് ചിത്രകാരൻ.
കുറച്ചുദിവസങ്ങളേയുള്ളൂ. വി എസ് തിരുവാലിയിൽ പ്രസംഗിക്കുന്നുവെന്ന പ്രചാരണബോർഡുകൾ ഉയർന്നു. പെയിന്റും ബ്രഷും ഇല്ലാതെ വി എസിനെ കുറിച്ച് വന്ന വാർത്തകളും ചിത്രങ്ങളുംകൊണ്ട് മനു കള്ളിക്കാട് ചിത്രം പൂർത്തിയാക്കി. ചുവന്ന പ്രതലത്തിൽ സ്വതഃസിദ്ധമായ രീതിയിൽ വി എസ് ചിരിച്ചുനിൽക്കുന്ന ചിത്രം. അത് മനോഹരമായി ഫ്രെയിംചെയ്ത് സൂക്ഷിച്ചു. എന്നാൽ അപ്രതീക്ഷിതമായൊരു വാർത്തവന്നു. ഖത്തർ സന്ദർശനം കഴിഞ്ഞെത്തിയ വി എസിന് പനിബാധിച്ചതിനാൽ പൊതുപരിപാടികൾ മാറ്റിവച്ചിരിക്കുന്നു. കൂട്ടത്തിൽ തിരുവാലിയും. എല്ലാവരും നിരാശരായി. എന്നെങ്കിലുമൊരിക്കൽ വി എസിനായി തയ്യാറാക്കിയ ചിത്രം അദ്ദേഹത്തിന് നേരിട്ടുകൊടുക്കാനായി സൂക്ഷിച്ചു.
വൈകാതെ വി എസ് പൊതുപരിപാടികളിൽ സജീവമായി. മലപ്പുറത്തുമെത്തി. മലപ്പുറം ഗസ്റ്റ് ഹൗസിൽവച്ച് വി എസ് കൊളാഷ് ചിത്രം ഏറ്റുവാങ്ങി. "നന്നായിരിക്കുന്നു' കൈയുയർത്തി ആശീർവദിച്ചശേഷം അടുത്തുനിന്ന അന്നത്തെ ജില്ലാ സെക്രട്ടറി പി പി വാസുദേവന് ചിത്രം സമ്മാനിച്ചു പറഞ്ഞു–- "എന്റെ വക സ്നേഹസമ്മാനം'. ചിത്രകാരനെ കുറിച്ചും സൃഷ്‌ടിയുടെ പ്രത്യേകതയെ കുറിച്ചും അറിയാമായിരുന്ന ഗൺമാൻ യാത്രക്കിടയിൽ അതിനെക്കുറിച്ച് വി എസിനോട് വിവരിച്ചപ്പോൾ "എന്നാലത് നേരത്തെ പറയണ്ടേ' എന്നായിരുന്നു മറുപടി. ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റിയ സമരനായകനെ അരികത്തുനിന്ന് കാണാനും ചിത്രം കൈമാറാനും കഴിഞ്ഞത് ജീവിതത്തിലെ ധന്യനിമിഷമാണെന്ന് മനു കള്ളിക്കാട് പറഞ്ഞു.










0 comments