ad
Deshabhimani

തുടരും ‘തുവ’യിലെ വിജയഗാഥ

a

ഖദീജ തന്റെ കൃഷിയിടത്തിൽ

വെബ് ഡെസ്ക്

Published on Aug 09, 2025, 12:35 AM | 1 min read

പെരിന്തൽമണ്ണ

‘തുവ’ ഫാമിൽ എന്തുണ്ട്​ എന്ന്​ ആരെങ്കിലും ചോദിക്കുകയാണെങ്കിൽ അവിടെയില്ലാത്തതായി ഒന്നുമില്ല എന്നായിരിക്കും പരിസരവാസികളുടെ മറുപടി. കൊടികുത്തിമലയുടെ താഴ്​വാരത്തുള്ള ഫാമിൽ പെരിന്തല്‍മണ്ണ താഴെക്കോട് കൊടുവായ്​ക്കൽ ഖദീജ (53)യാണ് വിജയം കൊയ്യുന്നത്​.

സൗദി അറേബ്യയിലെ താഴ്വരയുടെ പേരാണ് ‘തുവ’. 18 ഏക്കറിലാണ് ഇവിടെ കൃഷി. മൂന്ന് ഏക്കറിൽ കവുങ്ങും 3.5 ഏക്കറിൽ മാവും പ്ലാവും. ഒരേക്കറിൽ കശുമാവും വാഴയും ഫലവൃക്ഷങ്ങളും. 10 സെന്റില്‍ ഇഞ്ചി, മഞ്ഞള്‍, 100 സ്‌ക്വയര്‍ മീറ്റര്‍ മഴമറയില്‍ പച്ചക്കറികളും 300ഓളം ഓര്‍ക്കിഡുകളുമുണ്ട്. കൃഷിയിടത്തിന്റെ അതിരുകളിലായി തീറ്റപ്പുല്‍ കൃഷി. ഇതോടൊപ്പം മീന്‍, കോഴി, ആട്, പശു, തേനീച്ച എന്നിവയും.

ഖദീജയുടെ ഉമ്മ കര്‍ഷകയായിരുന്നു. പ്രവാസിയായ ബാപ്പയുടെ വരുമാനം ആശ്രയിക്കാതെ ഉമ്മ വരുമാനം കണ്ടെത്തിയിരുന്നു. ആ കൃഷിപാഠങ്ങളിൽനിന്നാണ്​ ഖദീജയുടെയും വളർച്ച. 2018ലെ പ്രളയത്തില്‍ കൃഷിയ്ക്ക്​ ഏറെ നാശം സംഭവിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷിച്ച ഖദീജയ്ക്ക് കൃഷിവകുപ്പിൽനിന്ന്​ നഷ്ടപരിഹാരത്തിനൊപ്പം സമ്മിശ്ര കൃഷിക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കി. ആ സഹായം ഉപയോഗിച്ച്​ കൃഷിയിടത്തിൽ കുളം കുഴിച്ച് മീന്‍ വളര്‍ത്തല്‍ തുടങ്ങി. തേനീച്ച വളര്‍ത്തല്‍ തുടങ്ങിയതും ഇതിനുശേഷമാണ്. ഫാം പ്ലാന്‍ പദ്ധതിയിൽ ലഭിച്ച ധനസഹായം ഉപയോഗിച്ച് കറവപ്പശുവിനെ വാങ്ങുകയും പൂര്‍ണമായും ജൈവകൃഷിയിലേക്ക് മാറുകയുംചെയ്തു. മൂല്യവര്‍ധിത ഉൽപ്പന്നങ്ങള്‍ നിര്‍മിച്ചും ജൈവവളം, പഞ്ചഗവ്യം, ജീവാമൃതം എന്നിവയുണ്ടാക്കി വിപണനം നടത്തിയും വരുമാനം നേടുന്നുണ്ട്​. ബനാന ടോഫി, ചിപ്സ് പൗഡര്‍, കുന്നന്‍ കായപ്പൊടി, വെര്‍ജിന്‍ ഓയില്‍, വെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, ചക്ക ചിപ്സ്, ചക്ക പൗഡര്‍, തേന്‍ കാന്താരി, തേന്‍ വെളുത്തുള്ളി, തേന്‍ ഇഞ്ചി, ലിപ് ബാം, പെയിന്‍ ബാം, സ്‌കിന്‍ ക്രീം, പാലില്‍നിന്ന് നെയ്യ്, ബട്ടര്‍, മോര്, തൈര് എന്നിവയാണ്​ പ്രധാന ഉൽപ്പന്നങ്ങൾ.

തേനീച്ച വളര്‍ത്തലില്‍ കൃഷിവകുപ്പിനുവേണ്ടി പരിശീലനം നല്‍കുന്ന ഖദീജ ഫാം സ്‌കൂള്‍, ഫാം ടൂറിസം എന്നിവ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home