സാമ്പിൾ മതി, ഫലം കൈയിലെത്തും
ഇത് ഹബ്ബ് ലാബ് മാജിക്

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഹബ്ബ്- ലാബ്
ടി വി സുരേഷ്
Published on Dec 04, 2025, 12:15 AM | 2 min read
മഞ്ചേരി
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിൽ വലിയ ചെലവ് വരുന്ന പരിശോധന ഇല്ലെങ്കിൽ പേടിക്കണ്ട. ആവശ്യമായ സാമ്പിൾ ഇതേ ലാബിൽ നൽകിയാൽ മതി. ജില്ലയിലെ ഹബ്ബ് ലാബിൽ പരിശോധന പൂർത്തിയാക്കി ഫലം നിങ്ങളുടെ കൈകളിലെത്തും. സംസ്ഥാന സർക്കാർ നവകേരളം കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ‘ഹബ്ബ് ആൻഡ് സ്‌പോക്ക്' ലാബ് നെറ്റ് വർക്കിങ് പദ്ധതി ഇതിനകം ദേശീയ ശ്രദ്ധ നേടി. നിലമ്പൂർ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൂതന ശൃംഖലയുടെ പ്രവർത്തനമികവിന് കേന്ദ്ര സർക്കാരിന്റെ അവാർഡും ലഭിച്ചു. നവകേരളം കർമ പദ്ധതിക്കുകീഴിൽ ആർദ്രം രണ്ടാംഘട്ടത്തിൽ വിഭാവനംചെയ്ത 10 പ്രധാന പദ്ധതികളിലൊന്നാണ് ഹബ്ബ് ആൻഡ് സ്പോക്ക് മോഡൽ ലാബ് നെറ്റ് വർക്കിങ്. 2022-ൽ സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ മലപ്പുറത്താണ് ആരംഭിച്ചത്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സിഎച്ച്‌സി, എഫ്‌എച്ച്‌സി, താലൂക്ക് ആശുപത്രി തുടങ്ങിയ ‘സ്പോക്കുകൾ' സാമ്പിൾ ശേഖരിക്കും. സാമ്പിൾ സർക്കാർ ചെലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ‘ഹബ്ബിൽ' എത്തിക്കും. പരിശോധനാ ഫലം ഏകീകൃത സംവിധാനത്തിലൂടെ രോഗി സാമ്പിൾ നൽകിയ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ലഭിക്കും. സ്വകാര്യ ലാബുകളിൽ വലിയ ചെലവ് വരുന്ന പരിശോധനകളാണ് സൗജന്യമായി ലഭിക്കുന്നത്. രോഗനിർണയ സംവിധാനങ്ങൾ ഏകീകരിക്കുന്നതിലൂടെ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സീറോളജി, ക്ലിനിക്കൽ ബയോകെമിസ്ട്രി, ഹോർമോൺ –മൈക്രോബയോളജി പരിശോധനകൾ, അർബുദ രോഗനിർണയ പരിശോധനകൾ തുടങ്ങിയ സങ്കീർണ ലാബ് പരിശോധനകൾ ഇതിലൂടെ ലഭ്യമാണ്. സാമ്പിൾ കേടുകൂടാതെ ഹബ്ബ് ലാബിൽ എത്തിക്കാൻ എൻഎച്ച്‌എമ്മിന്റെ ബ്രാൻഡിങ് ചെയ്ത വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. സങ്കീർണ ലാബ് പരിശോധനക്ക് അധികദൂരം യാത്രചെയ്യേണ്ട അവസ്ഥ ഒഴിവാകുന്നതോടെ രോഗികൾക്ക് പണവും സമയവും ലാഭിക്കാം. പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ്.
ആരോഗ്യ വിപ്ലവം
പദ്ധതി ആരോഗ്യമേഖലയിലെ പുത്തൻ ചുവടുവയ്‌പാണ്. നേരത്തെ പരിശോധനക്ക് രോഗികൾ കിലോമീറ്ററുകളോളം യാത്രചെയ്യേണ്ട സ്ഥിതിയായിരുന്നു. ലാബ് ശൃംഖലയിലൂടെ അത്തരം പ്രയാസങ്ങൾ പൂർണമായും നീക്കാനായി. ഏതൊരു രോഗികൾക്കും വീടിനോട് ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ പരിശോധന നടത്താം. വളരെ വേഗത്തിൽ രോഗം കണ്ടെത്താനായതോടെ മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കാനായി.
– ഡോ. ടി എൻ അനൂപ്,
ആരോഗ്യ കേരളം
ജില്ലാ പ്രോഗ്രാം മാനേജർ









0 comments