ജനകീയ വിഷയങ്ങളിൽ മുഖംതിരിച്ച്‌ താനൂർ

നിർമാണം നിലച്ച മുക്കാത്തോട്
avatar
മനു വിശ്വനാഥ്‌

Published on Oct 30, 2025, 12:28 AM | 2 min read

താനൂർ

വരുമാനത്തിന്റെ ഒരു വിഹിതം കുടിവെള്ളത്തിനായി മാറ്റി വയ്‌ക്കേണ്ട ഗതികേടിലാണ് താനൂർ നഗരസഭയിലെ ജനങ്ങൾ. താനൂർ നിയോജക മണ്ഡലം മുഴുവൻ കുടിവെള്ളം എത്തിക്കാൻ സമഗ്ര കുടിവെള്ള പദ്ധതിയുമായി സർക്കാർ എത്തിയപ്പോൾ മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് താനൂർ നഗരസഭ പദ്ധതി വൈകിപ്പിച്ചത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളും തകൃതിയിൽ നടത്തിയപ്പോഴും താനൂർ നഗരസഭ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. ഒടുവിൽ മന്ത്രി വി അബ്ദുറഹ്‌മാൻ നേരിട്ട് ഇടപെട്ടിട്ടാണ് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചത്. പദ്ധതിക്കായി കുന്നുംപുറത്താണ് ഭൂമി ഏറ്റെടുത്തത്. കേരള സർക്കാരിന്റെ വികസന പദ്ധതികൾ താനൂർ നഗരസഭയിൽ എത്തുമ്പോൾ അതിനെതിരെ ഭരണസമിതി മുഖം തിരിക്കുന്നതിൽ പലപ്പോഴും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. നഗരസഭാ പരിധിയിൽ നിരവധി ഭൂ, -ഭവന രഹിതർ നിലനിൽക്കേ നഗരപരിധിയിലെ സർക്കാർ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ശക്തമാണ്. കയ്യേറ്റക്കാരെ സഹായിക്കുന്ന സമീപനമാണ് ഭരണസമിതി സ്വീകരിക്കുന്നത്. പുറമ്പോക്ക് ഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എമ്മും വർഗബഹുജന സംഘടനകളും തുടർച്ചയായി നടത്തിയ സമരത്തിന്റെ ഭാഗമായി ചന്തപ്പറമ്പ് പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുത്തു. തീരദേശ മേഖലയിൽ ഏക്കർകണക്കിന് സർക്കാർ പുറമ്പോക്ക് ഭൂമി നിലനിൽക്കുന്നുണ്ടെങ്കിലും അത് കണ്ടെത്തി തിരിച്ചുപിടിക്കാൻ പ്രാദേശിക സർക്കാർ എന്ന നിലയിൽ നഗരസഭ തയ്യാറാകുന്നില്ല. ഭൂമിയില്ലാത്തതിനാൽ നിരവധി മത്സ്യത്തൊഴിലാളികളാണ് ഭീമമായ വാടക നൽകി കോട്ടേജുകളിൽ താമസിക്കുന്നത്. 2023ലെ നഗരസഭാ ബജറ്റിൽ ഭൂരഹിത ഭവനരഹിതർക്കായി 1.20 കോടി രൂപ വകയിരുത്തി പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നും നടന്നിട്ടില്ല. ദീർഘവീക്ഷണമില്ലാതെ നടത്തിയ പദ്ധതിയായിരുന്നു കൊട്ടിഘോഷിച്ച നഗരസഭാ ബസ് സ്റ്റാൻഡ് സമുച്ചയം. ബസുകൾക്ക് സമയനഷ്ടം വരുത്തി കറങ്ങിപ്പോകുന്ന സ്ഥിതിയാണ് പുതിയ ബസ് സ്റ്റാൻഡ്. നാട്ടുകാർ ബസ് കയറാനായി കാത്തിരിക്കുന്നത് ഇപ്പോഴും പഴയ ബസ് സ്റ്റാൻഡിൽ തന്നെ. ഹാർബർ ഉണ്ടെങ്കിലും ആധുനിക മീൻമാർക്കറ്റ് തയ്യാറാക്കാൻ നഗരസഭയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല. മീൻ സൂക്ഷിച്ച് വയ്‌ക്കാനും വിതരണം ചെയ്യാനുമുള്ള സൗകര്യം ഇന്നും വിദൂരത്താണ്. ആധുനിക രീതിയിലുള്ള അറവുശാലയും മാംസ വിതരണ കേന്ദ്രവും ഒരുക്കുന്നതിലും നഗരസഭ അമ്പേ പരാജയം. നഗരസഭാ പരിധിയിലെ പകുതിയിലധികം അങ്കണവാടികൾക്കും സ്വന്തമായി ഭൂമിയില്ല. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽപോലും കാര്യക്ഷമമായി ഇടപെടാൻ നഗരസഭയ്‌ക്ക്‌ കഴിഞ്ഞില്ല. വർഷങ്ങളായി പ്രവൃത്തി നടക്കുന്ന മുക്കാത്തോട് ഇതുവരേക്കും നവീകരിച്ചില്ലെന്നത് ഭരണസമിതിയുടെ പരാജയത്തിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. പദ്ധതിയിൽ വലിയ അഴിമതി നടന്നെന്ന ആരോപണവും ശക്തമാണ്‌. നഗരത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ എംസിഎഫ് സ്വന്തം ഭൂമിയിലല്ല പ്രവർത്തിക്കുന്നത്. വയോജന വിഭാഗത്തെ ചേർത്തുപിടിക്കുന്നതിലും ഏറെ പിറകിലാണ്. നഗരസഭയുടെ നേതൃത്വത്തിൽ കമ്യൂണിറ്റി ഹാൾ ഒരുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ടെങ്കിലും അനുഭാവപൂർണമായ നിലപാടല്ല നഗരസഭ സ്വീകരിക്കുന്നത്. മന്ത്രി വി അബ്ദുറഹ്‌മാൻ നിയമസഭാംഗമായി വന്നതുമുതൽ താനൂർ നഗരസഭയിൽ ഒട്ടേറെ വികസന പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ ജനോപകാരമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുമ്പോൾ അത് വൈകിപ്പിക്കാൻ നഗരസഭാ ഭരണനേതൃത്വം തന്നെ മുൻകൈയെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home