മണ്ണിന്റെ ഉടമകൾ

പട്ടയം ലഭിച്ച കുന്നത്ത് നഗര്‍ നിവാസികള്‍
സി പ്രജോഷ് കുമാർ
നിലമ്പൂർ
ചുങ്കത്തറ കുന്നത്ത് നഗറിൽ ലീല ആറ് മക്കളുമായി ബന്ധുവീടുകളിൽ മാറിമാറി താമസിച്ച കാലം ഇല്ലാതാവുകയാണ്. സ്വന്തമായി ഒരുപിടി മണ്ണെന്ന സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബം. ലീല മാത്രമല്ല, കുന്നത്ത് നഗറിൽ 13 ആദിവാസി കുടുംബങ്ങൾക്കാണ് സർക്കാർ പട്ടയം അനുവദിച്ചത്. ‘ആറു മക്കൾ ബന്ധുവീടുകളിലാണ് താമസം. ഞങ്ങൾ ഷെഡ്ഡിലും. മഴക്കാലം വലിയ ബുദ്ധിമുട്ടാണ്. ഇന്ന് ഞങ്ങൾ മണ്ണിന്റെ മക്കളായി’–- ലീലയ്‌ക്ക് വാക്കുകൾ മുറിഞ്ഞു. എലമണ്ണിൽ അശ്വതിക്ക് സന്തോഷത്തിന് അതിരുകളില്ല. ‘സ്വന്തം വീട് എന്റെ വലിയ ആഗ്രഹമാണ്. ഞങ്ങൾ രണ്ടു കുടുംബങ്ങൾ ചെറിയ വീട്ടിലാണ് താമസം. നെല്ലിപ്പൊയിലിൽ 40 സെന്റ് ഭൂമിയാണ് ഓരോ കുടുംബത്തിനും സർക്കാർ തന്നത്. അവിടെ വീടുവയ്‌ക്കണം. ഞങ്ങളുടെ അടുത്ത തലമുറകൾക്കും മണ്ണായി’–- അശ്വതി പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിൽ മാത്രം 570 ആദിവാസി കുടുംബങ്ങൾക്കാണ് സർക്കാർ ഭൂമിയും പട്ടയവും നൽകിയത്. രണ്ടാം ഘട്ടം 500 പേർക്ക് നൽകാൻ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതിയാണിത്. ഭൂമി ലഭ്യമായവർക്ക് ലൈഫ് പദ്ധതിയിൽ വീടിനും നടപടി തുടങ്ങി. ആദിവാസി പുനരധിവാസ മിഷൻ വഴി ഭൂരഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യുന്ന 107 ഹെക്‌ടർ നിക്ഷിപ്ത വനഭൂമിയുടെ പട്ടയങ്ങളാണ് മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണൻ കഴിഞ്ഞ വർഷം ജനുവരിയിൽ വിതരണം ചെയ്‌തത്. ജില്ലയിൽ അർഹരായ ഭൂരഹിതരെന്ന് കണ്ടെത്തി ഗുണഭോക്താക്കളിൽ പ്ലോട്ട് നറുക്കെടുപ്പിൽ പങ്കെടുത്ത ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി വിതരണം ചെയ്‌തത്. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട് വില്ലേജിൽ നെല്ലിപ്പൊയിൽ കൊടീരി ബീറ്റിൽ 89 ഹെക്ടർ, നിലമ്പൂർ വില്ലേജിൽ തൃക്കൈക്കുത്ത് ബീറ്റിൽ 6.59 ഹെക്ടർ, ചാലിയാർ പഞ്ചായത്തിലെ അകമ്പാടം വില്ലേജിൽ അത്തിക്കലിലെ 11.52 ഹെക്ടർ ഭൂമികളാണ് നൽകിയത്. തൃക്കൈക്കുത്ത് ബീറ്റിൽ 10 സെന്റ് വീതമുള്ള 131 പ്ലോട്ടും, അത്തിക്കൽ ബീറ്റ് മൂന്നിൽ 20 സെന്റ് വീതമുള്ള 62 പ്ലോട്ടും, നെല്ലിപ്പൊയിൽ കൊടീരി ബീറ്റിൽ 40 സെന്റ് വീതമുള്ള 367 പ്ലോട്ടും വിതരണംചെയ്‌തു. എല്ലാ പ്ലോട്ടിലും ഭവനനിർമാണത്തിന് അഞ്ച് സെന്റ് പ്രത്യേകം അടയാളപ്പെടുത്തി. ഭൂമി ലഭിച്ച പട്ടികവർഗക്കാരുടെ ജീവിതോപാധി പരിപോഷിപ്പിക്കാനായി പട്ടിക വർഗ വകുപ്പ്, വനം, കൃഷി വകുപ്പുകൾ ചേർന്ന് പദ്ധതി ആവിഷ്‌കരിക്കും.










0 comments