നാടിനെ കെട്ടിപ്പടുക്കാൻ എൻജിനിയർമാർ

മഞ്ചേരി
എൻജിനിയറിങ് വൈദഗ്ധ്യം നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാക്കാൻ രണ്ടുപേർ. തദ്ദേശ തെരഞ്ഞെടുപ്പിൽ മഞ്ചേരി നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥികളായാണ് എൻജിനിയർമാർ രംഗത്തിറങ്ങിയത്. വാർഡ് ഏഴ് മേലാക്കം വാർഡിൽനിന്ന് ടി ശങ്കരനും 43 പെറ്റമ്മലിൽനിന്ന് സാദിയ നൗഷാദുമാണ് ജനവിധി തേടുന്നത്. ടി ശങ്കരൻ പ്രൊഡക്ഷൻ എൻജിനിയറിങ്ങിൽ പ്രശസ്തനാണ്. ട്രിച്ചി എൻഐടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യിൽനിന്ന് ബിഇ പ്രൊഡക്ഷൻ എൻജിനിയറിങ് പൂർത്തിയാക്കി. പെട്രോൾ കമ്പനികളിൽ ഇൻസ്പെക്ഷൻ എൻജിനിയറായി ഇന്ത്യയിലും വിദേശത്തും സേവനമനുഷ്ഠിച്ചു. ബഹറൈനിൽ 18 വർഷം ജോലി. വിരമിച്ചശേഷം നാട്ടിൽ മുഴുവൻസമയ സാമൂഹ്യ പ്രവർത്തകനായി. വിഷരഹിത പച്ചക്കറി വിളയിച്ച് മാതൃകാ കർഷകനെന്ന നിലയിൽ അറിയപ്പെട്ടു. എൻജിനിയറിങ് വൈദഗ്ധ്യം നാടിന്റെ വികസനത്തിന് തുണയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. യുവ എൻജിനിയർ സാദിയ നൗഷാദാണ് 43–ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി. കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ബിടെക്കും എംടെക്കും പൂർത്തിയാക്കിയ സാദിയ നിലവിൽ ‘യുസി പ്രോം’ ഐടി കമ്പനി ജീവനക്കാരിയാണ്. ഗായിക എന്ന നിലയിലും നാട്ടുകാർക്ക് സുപരിചിത. ഡോ. നൗഷാദ് പന്തപ്പാടാണ് ഭർത്താവ്.









0 comments