പാട്ട് നിർമിക്കാൻ എഐ പ്ലാറ്റ്‌ഫോമായ സുനോ
മനസ്സിലൊരു താളമുണ്ടോ... പാട്ടുകാരനാകാം

വി അഞ്‌ജുദേവ്
Published on Sep 23, 2026, 12:30 AM | 1 min read
മലപ്പുറം
‘എനിക്കും ഒരു പാട്ടുണ്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…’ ഒരു പാട്ടു കേൾക്കുമ്പോൾ ചിലരെങ്കിലും ഇങ്ങനെ ആഗ്രഹിച്ചിട്ടുണ്ടാകും. പക്ഷേ സംഗീതം പഠിക്കാനുള്ള അവസരമോ പരിശീലനമോ ലഭിക്കാതെ ആ ആഗ്രഹം പാതിവഴിയിൽ അവസാനിച്ചിട്ടുമുണ്ടാവാം. എന്നാലിനി നിരാശരാകേണ്ടതില്ല, സ്വരവും താളവും അറിയാത്തവർക്കുപോലും ഇനി സ്വന്തമായി സംഗീതമൊരുക്കാം. അതിന് സഹായിക്കുന്ന എഐ പ്ലാറ്റ്ഫോമാണ് സുനോ.
സുനോയുടെ ഔദ്യോഗിക വെബ്സൈറ്റായ suno.com- ൽ പാട്ടിന്റെ ഭാഷ, ശൈലി, രീതി എന്നിവ എങ്ങനെ വേണമെന്ന് കൃത്യമായി പ്രോംപ്റ്റ് കൊടുത്താൽ പാട്ട് നിങ്ങൾക്കു മുന്നിലെത്തും. ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, റോക്ക്, പോപ്പ്, ഫോക് മ്യൂസിക് തുടങ്ങി വ്യത്യസ്ത ശൈലികളിൽ പാട്ടൊരുക്കാനാവും.
വിഷാദം, സന്തോഷം, പ്രണയം, വിരഹം തുടങ്ങി ഏത് ഭാവങ്ങൾക്കനുസരിച്ചും പാട്ടൊരുക്കാം.
ഏത് ഭാഷയിൽ വരികൾ വേണമെന്ന് തെരഞ്ഞെടുക്കാനാവും. പാട്ട് ഡൗൺലോഡ് ചെയ്തെടുത്ത് മറ്റുള്ളവർക്കായി പങ്കുവയ്ക്കാനും മൊബൈൽ റിങ് ടോണാക്കാനും സാധിക്കും. ഒരു കവിക്ക്
താനെഴുതുന്ന വരികൾക്ക് ഈണം നൽകാം. ഒരു കണ്ടന്റ് ക്രിയേറ്ററിന് സ്വന്തം വീഡിയോയ്ക്ക് അനുയോജ്യമായ പാട്ടൊരുക്കാം.
പാട്ടുണ്ടാകാൻ സംഗീതസംവിധായകനും ഗായകനും വാദ്യകലാകാരന്മാരും റെക്കോഡിങ് സ്റ്റുഡിയോയും ആവശ്യമില്ലെന്നതാണ് എഐ കാലത്തിന്റെ പ്രത്യേകത. സംഗീതം സ്വപ്നമായിരുന്ന ഒരാൾക്ക് സ്വന്തം ആശയത്തിനനുസരിച്ച് അതൊരു പാട്ടായി കേൾക്കാനുള്ള അവസരമാണ് ലളിതമായ വഴികളിലൂടെ ലഭിക്കുന്നത്.
സുനോയിൽ ഫ്രീ പ്ലാൻ ലഭ്യമാണ്. ഇതിൽ ദിവസേന 50 ക്രെഡിറ്റ് വരെ ലഭിക്കും. ഇതുപയോഗിച്ച് ഏകദേശം 10 പാട്ടുകൾവരെ ഒരുദിവസം നിർമിക്കാം. കൂടുതൽ ഓപ്ഷനുകൾക്കും ക്രെഡിറ്റ്സിനുമായി പെയ്ഡ് പ്ലാനുകളും ലഭ്യമാണ്. അമേരിക്കക്കാരനായ മിക്കി ഷുൾമാനാണ് സുനോയുടെ സിഇഒ.
സുനോയില്‍ ഒരുക്കിയ ഗാനം കേള്‍ക്കാന്‍
ക്യുആര്‍ കോഡ് സ്കാന്‍ചെയ്യാം









0 comments