ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ഓട്ടത്തിനിടെ തീപിടിച്ച കെഎസ്ആർടിസി ബസ്
പെരിന്തൽമണ്ണ
പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. ചൊവ്വ പുലർച്ചെ അഞ്ചോടെ മേലെ പട്ടാമ്പി മീൻ മാർക്കറ്റിനുസമീപത്താണ് അപകടം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ബസിലുണ്ടായിരുന്ന അറുപതോളം യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
യാത്രയ്ക്കിടെ എൻജിന്റെ ഭാഗത്തുനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ ബസ് നിർത്തി പരിശോധിക്കുകയായിരുന്നു. തീ കണ്ടയുടൻ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. പുലർച്ചെമുതൽ സജീവമായിരുന്ന മീൻ മാർക്കറ്റിലെ തൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയുംചെയ്തു. നിമിഷങ്ങൾക്കകം ബസിന്റെ മുൻഭാഗത്തേക്ക് വൻതോതിൽ തീപടർന്നു. ഫയർഫോഴ്സ് സംഘമെത്തി വേഗത്തിൽ തീയണച്ചു. ഗിയർ ബോക്സിന് സമീപത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസിയുടെ പരിശോധനാ വിഭാഗം ബസ് വിശദമായി പരിശോധിക്കും. അപകടത്തെ തുടർന്ന് ഡിപ്പോയിൽനിന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്ര തുടർന്നത്.









0 comments