ad
Deshabhimani

ഡിവിഷൻ വെട്ടിച്ചുരുക്കുന്നു

നിലമ്പൂരിന് ദീർഘദൂര ട്രെയിനുകളും അകലുന്നു

S
avatar
എം സനോജ്

Published on Sep 23, 2026, 12:36 AM | 1 min read

നിലമ്പൂർ

പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിച്ചുരുക്കുന്നതോടെ നിലമ്പൂർ–ഷൊർണൂർ പാതയിലെ ദീർഘകാല ആവശ്യങ്ങൾക്കും വെല്ലുവിളി. യാത്രക്കാർ വർഷങ്ങളായി ആവശ്യപ്പെടുന്ന അന്തർസംസ്ഥാന ദീർഘദൂര സർവീസുകൾ നിലമ്പൂരിലേക്ക് അനുവദിക്കാത്തതിനിടെയാണ് ഡിവിഷന്റെ അധികാരപരിധിയിലെ മാറ്റം.

പാലക്കാട് ജങ്‌ഷനിലും പാലക്കാട് ടൗണിലും മണിക്കൂറുകളോളം സർവീസ് നടത്താതെ നിർത്തിയിടുന്ന ട്രെയിനുകൾ നിലമ്പൂർവരെ നീട്ടിയാൽ മലയോര മേഖലയ്ക്ക് പുതിയ ദീർഘദൂര കണക്ടിവിറ്റി ഒരുക്കാനാകുമെന്നിരിക്കെയാണ് ആവശ്യം പരിഗണിക്കപ്പെടാത്തത്. തിരുച്ചിറപ്പള്ളി–പാലക്കാട് ടൗൺ എക്സ്പ്രസ് (16843/16844) രാത്രി 7.40ന് പാലക്കാട് എത്തി പിറ്റേന്ന് രാവിലെ 6.45നാണ് മടങ്ങുന്നത്. 11 മണിക്കൂറിലേറെ പാലക്കാട് നിർത്തിയിടുന്ന ട്രെയിൻ നിലമ്പൂരിലേക്ക്‌ നീട്ടിയാൽ അതിരാവിലെ നിലമ്പൂരിൽനിന്ന് പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യം ലഭിക്കും. ചെന്നൈ–പാലക്കാട് സൂപ്പർഫാസ്റ്റ് (22651/22652) രാവിലെ 9.10ന് പാലക്കാട് എത്തി പകല്‍ 3.50നാണ് മടങ്ങുന്നത്. ഈ സമയം സർവീസ് നിലമ്പൂർവരെ നീട്ടണമെന്നാണ് ആവശ്യം. ഷൊർണൂരിൽനിന്ന് രാവിലെ 10.10ന് ശേഷമുള്ള അടുത്ത നിലമ്പൂർ സർവീസ് പകല്‍ 2.20നാണ്. നിലമ്പൂരിൽനിന്ന് രാവിലെ 10.05ന് ശേഷമുള്ള അടുത്ത സർവീസ് പകല്‍ 3.15നുമാണ്. ഇതിനിടെ ചെന്നൈ സർവീസ് നിലമ്പൂരിലേക്ക് നീട്ടുന്നത് യാത്രക്കാർക്ക് പ്രയോജനപ്പെടും. നിലമ്പൂർ–പാലക്കാട് പാസഞ്ചർ (56607/56608) വൈകിട്ട് 4.15ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ട് രാത്രി ഏഴിന് പാലക്കാട് എത്തിയാൽ പിറ്റേന്ന് രാവിലെ 6.05നാണ് മടങ്ങുന്നത്. രാത്രി മുഴുവൻ പാലക്കാട് നിർത്തിയിടുന്ന ട്രെയിൻ ദിണ്ടിഗൽ ഭാഗത്തേക്ക് നീട്ടിയാൽ അന്തർസംസ്ഥാന സർവീസായി ഉപയോഗിക്കാം. പാലക്കാട് ഡിവിഷന്റെ അധികാരപരിധിയിൽ മാറ്റം വരുമ്പോൾ നിലമ്പൂർ–ഷൊർണൂർ പാതയുടെ വികസനമില്ലാതാകരുതെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home