പത്തരമാറ്റ്

പത്തപ്പിരിയം ജിയുപി സ്കൂൾ
പി രാമകൃഷ്ണന്‍
Published on Mar 26, 2026, 12:15 AM | 1 min read
എടവണ്ണ
നാട് മാറിയ കഥ മനസ്സിലാക്കാൻ പത്തപ്പിരിയത്തുകാർക്ക് അധികം സഹായം വേണ്ട. ആയിരത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്ന പത്തപ്പിരിയം ജിയുപി സ്കൂളിന്റെ മാറ്റം മതി. എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പെരുമ സ്വകാര്യ സ്കൂളിനെ വെല്ലുന്ന ഈ സർക്കാർ സ്കൂൾ കെട്ടിടം പറയും. മഴ പെയ്‌താൽ ദുരിതംവിതയ്‌ക്കുന്ന കഥയുണ്ടായിരുന്നു ഇൗ സ്‌കൂളിന്. 2016 ജൂണിൽ മഴയിൽ ഓടിട്ട ക്ലാസ് മുറി കാറ്റിലും മഴയിലും തകർന്നുവീണു. ഡിവൈഎഫ്ഐ എടവണ്ണ പഞ്ചായത്ത് കമ്മിറ്റി ബഹുജനങ്ങളുടെ സഹായത്തോടെ പുതിയ ക്ലാസ് മുറികളുണ്ടാക്കി. അന്നത്തെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പുതിയ ക്ലാസ് മുറികളുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു. സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ ക്ലാസ് മുറികൾ ഉദ്ഘാടനംചെയ്തു. എൽഡിഎഫ് അധികാരത്തിൽ വന്നശേഷം പത്തപ്പിരിയം ജിയുപി സ്കൂളിന് ഒന്നാംഘട്ടം കിഫ്ബി ഒരുകോടി അനുവദിച്ചു. എട്ട് ക്ലാസ് മുറിയിൽ ഇരുനില കെട്ടിടം നിർമിച്ചു. 2022-–23 വർഷത്തിൽ 3.90 കോടി രൂപ കിഫ്ബി ഫണ്ടിൽ സർക്കാർ വീണ്ടും അനുവദിച്ചു. 15 ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന മൂന്നുനില കെട്ടിടമാണ് നിർമിച്ചത്. ലാബ്,- ലൈബ്രറി സൗകര്യങ്ങളുമുണ്ട്. മികച്ച കെട്ടിടം ഉയർന്നതോടെ സ്‌കൂളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലും വർധനയുണ്ടായി.

ശിവൻകുട്ടി അപ്പൂപ്പന് നന്ദി
ഞങ്ങളുടെ സ്കൂൾ ഹൈടെക് ആക്കി തന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അപ്പൂപ്പന് നന്ദി. ഇപ്പോൾ കാറ്റടിച്ചാലും മഴയുണ്ടായാലും ഞങ്ങൾക്ക് ഭയമില്ല. ഞങ്ങൾക്ക് ഏഴാംക്ലാസ് കഴിഞ്ഞാലും ഇവിടെ പഠിക്കാൻ സൗകര്യമുണ്ടാക്കണം.
പി റിതിക പർവീൻ, ആറാംക്ലാസ് വിദ്യാർഥി

ദുരിതകാലം മാറി
സ്‌കൂളിന്റെ ദുരിതകാലകഥ പറഞ്ഞാൽ തീരില്ല. അത്രക്ക് ബുദ്ധിമുട്ടാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അനുഭവിച്ചത്. മഴക്കാലത്ത് കുട്ടികളെ സ്‌കൂളിലേക്ക് അയച്ചാൽ മടങ്ങിവരുന്നതുവരെ രക്ഷിതാക്കൾക്ക് പേടിയായിരുന്നു. അത്രയ്‌ക്ക് ശോച്യാവസ്ഥയിലായിരുന്നു. ചോർന്നൊലിക്കുന്ന ക്ലാസ് മുറികളിൽ അധ്യയനം നടത്താൻ അധ്യാപകരും ബുദ്ധിമുട്ടി. ഇന്ന് ഞങ്ങളുടെ സ്കൂൾ ഹൈടെക് ആയി. കോടിക്കണക്കിനുരൂപയാണ് സർക്കാർ ചെലവഴിച്ചത്. സർക്കാരിന് ഇൗ നാടിന്റെ നന്ദി.
ജിജിന ഉണ്ണികൃഷ്ണൻ, മാതൃസമിതി പ്രസിഡന്റ്










0 comments