ad
Deshabhimani

കലിക്കറ്റിൽ ഇല്ലാത്ത തസ്തികയിൽ നിയമനം

വിസിയുടെ വാദം പൊളിച്ച്‌ സർവകലാശാലാ ഉത്തരവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പി പ്രശാന്ത്‌കുമാർ

Published on Aug 13, 2026, 12:33 AM | 1 min read

തേഞ്ഞിപ്പലം

സെന്റർ ഫോർ ഫിസിക്കൽ എജ്യൂക്കേഷനിൽ ഇല്ലാത്ത വൈസ് പ്രിൻസിപ്പിൽ തസ്തികയിൽ നിയമനം നടത്തിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന കലിക്കറ്റ് സർവകലാശാലാ വൈസ്‌ ചാൻസലറുടെ വാദം പൊളിയുന്നു. നിയമനം ദേശാഭിമാനി വാർത്തയാക്കിയതോടെയാണ് നിഷേധ കുറിപ്പുമായി വിസി ഡോ. പി രവീന്ദ്രൻ രംഗത്തെത്തിയത്. എന്നാൽ വിസിയുടെ വാദം പൊളിക്കുന്നതാണ്‌ സർവകലാശാലാ പുറത്തിറക്കിയ ഉത്തരവ്‌.

"ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ വൈസ് പ്രിൻസിപ്പല്‍ എന്ന പേരിൽ പ്രത്യേക തസ്തിക സൃഷ്ടിക്കുകയോ, അത്തരമൊരു തസ്തികയിൽ നിയമനം നടത്തുകയോ ചെയ്തിട്ടില്ല. ബന്ധപ്പെട്ട അധ്യാപികക്ക് വൈസ് പ്രിൻസിപ്പലിന്റെ ഭരണപരമായ ചുമതലമാത്രമാണ് നൽകിയിട്ടുള്ളത്. ഈ ചുമതല നിർവഹിക്കുന്നതിന് അധിക സാമ്പത്തിക ആനുകൂല്യങ്ങളൊന്നും അനുവദിച്ചിട്ടില്ല'. ഇതായിരുന്നു വിസിയുടെ വിശദീകരണം. എന്നാൽ സർവകലാശാല ആഗസ്ത് ആറിന്‌ ഇറക്കിയ U.O. NO. 10866/2026/admn ഉത്തരവിൽ സെന്ററിലെ അസി. പ്രൊഫസർ (കരാർ അടിസ്ഥാനം)ആയി ജോലിചെയ്യുന്ന ഡോ. വി നന്ദ്യയെ വൈസ് പ്രിൻസിപ്പലായി നിയമിക്കണമെന്ന്‌ വ്യക്തമാക്കുന്നുണ്ട്. നിലവിൽ വൈസ് പ്രിൻസിപ്പൽ എന്ന തസ്തിക സെന്ററിൽ ഇല്ലെന്നിരിക്കെ എങ്ങനെയാണ് ഈ തസ്തികയിൽ നിയമനം നടത്തുകയെന്ന ചോദ്യമാണുയരുന്നത്. "ചുമതല നിർവഹിക്കുന്നതിന് അധിക സാമ്പത്തിക ആനുകൂല്യങ്ങളൊന്നും അനുവദിച്ചിട്ടില്ല' എന്ന വാദവും സർവകലാശാല ഉത്തരവുതന്നെ പൊളിക്കുന്നു. ശമ്പളത്തിനുപുറമെ 5000 രൂപ അധിക പ്രതിഫലം നൽകണമെന്ന് ഉത്തരവിൽനിന്ന് വ്യക്തമാണ്‌. ഇത് അധിക ബാധിതയാണെന്ന കാര്യം മറച്ചുവച്ചാണ് നിഷേധ കുറിപ്പ് ഇറക്കിയിരിക്കുന്നത്. സർവകലാശാല ഉത്തരവുതന്നെ ദേശാഭിമാനി വാർത്ത ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ പബ്ലിക്കേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ച് ഇല്ലാത്ത തസ്തികയായ ഡയറക്ടർ സ്ഥാനത്ത് 75,000 രൂപ ശമ്പളത്തിന് മാധ്യമ സ്ഥാപനത്തിലെ റിട്ട. ജീവനക്കാരനെ നിയമിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home