ഗുണ്ടൽപേട്ടയിലേക്ക് തിരക്കോട് തിരക്ക്
സൗജന്യയാത്ര അപകടഭീഷണി ഉയർത്തി

ഗുണ്ടൽപേട്ടയിലേക്ക് തിരക്കോട് തിരക്ക് സൗജന്യയാത്ര അപകടഭീഷണി ഉയർത്തി ബത്തേരി കെഎസ്‌ആർടിസി ഗുണ്ടൽപേട്ട സ്‌ത്രീ സൗജന്യ സർവീസ് നടത്തുന്നത് ഇരട്ടിയിലധികം യാത്രക്കാരുമായി അപകടഭീഷണി ഉയർത്തി. മുന്തിരിത്തോട്ടവും ചെണ്ടുമല്ലി പാടവും കാണാൻ സ്‌ത്രീകൾ കൂട്ടത്തോടെ എത്തിയതോടെയാണ് ബസ്സിൽ തിരക്കേറിയത്. ബസ്സിൽ കയറാൻ യാത്രക്കാർ തിക്കിത്തിരക്കിയത് സർവീസ് വൈകാൻ ഇടയാക്കി. ബത്തേരി ഡിപ്പോയിൽ നിന്ന് ബുധൻ രാവിലെ പത്തിനുള്ള സർവീസാണ് യാത്രക്കാരുടെ എണ്ണക്കൂടുതലും തിരക്കും കാരണം അരമണിക്കൂർ വൈകിയത്. 60 പേർക്ക് സഞ്ചരിക്കാവുന്ന ബസ്സിൽ ഇരുനൂറോളം പേരാണ് കയറാനെത്തിയത്. സൗജന്യയാത്രയായതിനാൽ കൂടുതലും സ്‌ത്രീകളായിരുന്നു എത്തിയത്. നിയന്ത്രണാതീതമായ തിരക്കിനെത്തുടർന്ന് ഡ്രൈവറും കണ്ടക്ടറും പഴയ ബസ്‌സ്റ്റാൻഡിൽനിന്നും ബസ് എടുക്കാൻ കൂട്ടാക്കിയില്ല. പിന്നീട് ഡിപ്പോയിൽ നിന്നുള്ള ഇടപെടലിൽ നൂറോളം യാത്രക്കാരെ ഉൾക്കൊള്ളിച്ച് സർവീസ് നടത്തി. ഗുണ്ടൽപേട്ടിലെ ചെണ്ടുമല്ലി, സൂര്യകാന്തിപാടങ്ങളും മുന്തിരിത്തോപ്പും കാണുന്നതിന് ഒരു മാസമായി സന്ദർശകത്തിരക്കാണ്. സന്ദർശകരിൽ ഏറെയും സ്‌ത്രീകളും കുട്ടികളുമാണ്. സ്‌ത്രീകൾക്ക് സൗജന്യ യാത്ര കൂടിയായതോടെ പ്രിയദർശിനി ബസ്സുകളിൽ തിരക്കുമേറി. സ്‌ത്രീ യാത്രക്കാരിൽ കൂടുതലും ജില്ലയ്‌ക്ക് പുറത്ത് നിന്നുള്ളവരാണ്. അയൽ ജില്ലകളിൽ നിന്നും കാറുകളിലും ബൈക്കുകളിലും ബത്തേരിയിൽ എത്തുന്നവർ വാഹനങ്ങൾ ബത്തേരി നഗരത്തിൽ നിർത്തിയിട്ടാണ് സൗജന്യബസ്സുകളിൽ യാത്ര നടത്തുന്നത്. കെഎസ്‌ആർടിസി ബത്തേരി ഡിപ്പോയിൽനിന്നും മുന്പ് ഗുണ്ടൽപേട്ടിലേക്ക് നാല് ഓർഡിനറി ബസ്സുകൾ സർവീസ് നടത്തിയിരുന്നു. ഇതിൽ ഒരു സർവീസ് അടുത്ത കാലത്ത് നിർത്തിയത് തിരിച്ചടിയായി.









0 comments