ad
Deshabhimani

തിരുനെല്ലിയിൽ ബലിതർപ്പണം
നടത്തി ആയിരങ്ങൾ

ബലിതർപ്പണം
വെബ് ഡെസ്ക്

Published on Aug 13, 2026, 01:32 AM | 1 min read

തിരുനെല്ലി കർക്കടകവാവുബലിയ്‌ക്ക്‌ തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തിൽ ബലിയിട്ട്‌ ആയിരങ്ങൾ. ചൊവ്വ വൈകിട്ടുമുതൽ ഇതര ജില്ലകളിൽനിന്നടക്കം വിശ്വാസികൾ എത്തിത്തുടങ്ങി. ബുധന്‍ പുലർച്ചെ മുതൽ പാപനാശിനി തീരം ജനനിബിഡമായി. പുലർച്ചെ മൂന്നിന്‌ ബലിതർപ്പണം ആരംഭിച്ചു. ദർഭയ്‌ക്കൊപ്പം കൂവ ഇലയിൽ പൊതിഞ്ഞ എള്ളും ഇലയും അരിയും ചന്ദനവും തുളസിയുമായി പാപനാശിനിയിൽ മുങ്ങി ഈറനായെത്തിയ വിശ്വാസികൾ വാധ്യാന്മാർ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി ഏഴുതലമുറകൾക്ക് ബലിയിട്ടു. ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു. പ്രത്യേക ബലിസാധന കൗണ്ടറുകൾ തുറന്നു. പകൽ ഒന്നുവരെ ചടങ്ങുകൾ നീണ്ടു. തിരുനെല്ലി ക്ഷേത്രം കീഴ്‌ശാന്തി മേച്ചിലോട്ട് ബപ്പിലേരിയില്ലം സുബ്രഹ്മണ്യൻ എമ്പ്രാന്തിരി, ഡി കെ അച്യുതശർമ, അരിങ്ങോട്ടില്ലം രാമചന്ദ്രൻ നമ്പൂതിരി, കൊല്ലപ്പള്ളി മഠം ദാമോദരൻ പോറ്റി, കൊല്ലപ്പള്ളി മഠം ശ്രീധരൻ പോറ്റി, കൊല്ലപ്പള്ളി മഠം ശംഭു പോറ്റി, താഴെയില്ലം രാമചന്ദ്രശർമ, താഴെയില്ലം ജനാർദനശർമ, ഉല്ലാസ് നമ്പൂതിരി, അരിങ്ങോട്ടില്ലം രഞ്ജിത്ത് നമ്പൂതിരി എന്നിവർ ബലിതർപ്പണത്തിനു കാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ദേവസ്വം പാരമ്പര്യ ട്രസ്റ്റി പി ബി കേശവദാസ്, എക്സിക്യുട്ടീവ് ഓഫീസർ കാനത്തിൽ സജീവൻ, മാനേജർ പി കെ പ്രേമചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു ക്ഷേത്രത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ക്ഷേത്രത്തിലെത്തിയവർക്ക് ദേവസ്വം ലഘുഭക്ഷണം സൗജന്യമായി നൽകി. കെഎസ്ആര്‍ടിസി സ്പെഷ്യല്‍ ബസ്സുകള്‍ ആരംഭിക്കാത്തത് വിശ്വാസികളെ ബുദ്ധിമുട്ടിലാക്കി. ബത്തേരി പൊൻകുഴി ശ്രീരാമക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം ഒരുക്കിയ ബലിത്തറയിൽ ഒരേസമയം 500 പേർക്ക്‌ ബലിയിടാനുള്ള സ‍ൗകര്യം ഏർപ്പെടുത്തിയിരുന്നു. ചടങ്ങുകൾക്ക്‌ തന്ത്രി ശ്രീരംഗനാഥ്‌ നേതൃത്വം നൽകി. പുലർച്ചെ 3.30 മുതൽ ബലിതർപ്പണം തുടങ്ങി. ബത്തേരിയിൽനിന്നും കെഎസ്‌ആർടിസി, സ്വകാര്യ ബസുകൾ പൊൻകുഴിയിലേക്ക്‌ പ്രത്യേകം സർവീസുകൾ നടത്തി. പൊലീസ്‌, വനം, അഗ്നിരക്ഷാസേന, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ആൾത്തിരക്കും ദേശീയപാതയിലെ ഗതാഗതവും നിയന്ത്രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home