തൊഴിലവസരങ്ങളേറെ പൊന്നാനിക്ക് കുതിക്കാം

പി എ സജീഷ്
Published on Aug 16, 2026, 12:36 AM | 2 min read
പൊന്നാനി
കേരളത്തിന്റെ മാരിടൈം മേഖലയിൽ സുപ്രധാന ചുവടുവയ്‌പാണ് പൊന്നാനി കപ്പൽ നിർമാണശാല നിർമിക്കാനുള്ള തീരുമാനത്തിലൂടെ എൽഡിഎഫ് സർക്കാർ നടത്തിയത്. സ്വകാര്യ സംരംഭകർ നിർമിച്ച്, നടത്തി 30 വർഷത്തിനുശേഷം സർക്കാരിന് കൈമാറുന്ന മാതൃകയിലാണ് പദ്ധതി. കേരള മാരിടൈം ബോർഡ് ഇ– ടെന്‍ഡർ പ്രക്രിയയിലൂടെയാണ് നടത്തിപ്പുകാരെ തെരഞ്ഞെടുത്തത്.
100 കോടിയിൽ തുടങ്ങുന്ന പദ്ധതിയിൽ 1000 കോടിവരെയാണ് മൂലധനം പ്രതീക്ഷിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന കപ്പൽ നിർമാണശാലയിൽ തുടക്കത്തിൽ 100 പ്രത്യക്ഷ തൊഴിലും തുടർന്ന് 2500 തൊഴിൽവരെ നേരിട്ടും 4000വരെ തൊഴിലുകൾ പരോക്ഷമായും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനംചെയ്‌തത്.
കപ്പൽ നിർമാണശാലക്ക് ആവശ്യമായ ചെറു ഉപകരണങ്ങൾ നിർമിക്കുന്ന ഒട്ടേറെ ചെറുകിട വ്യവസായവും ഇതിനോടനുബന്ധിച്ച് തദ്ദേശവാസികൾക്ക് പ്രയോജനപ്പെടുത്താനാകും. സർക്കാരിലേക്ക് കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി വിഹിതവും റവന്യു ഷെയറും ലഭ്യമാകും. കപ്പൽ നിർമിച്ചാലും ഇല്ലങ്കിലും വർഷത്തിൽ 1.5 കോടി റവന്യൂ ഷെയറായും 23 ലക്ഷം വാടക ഇനത്തിലും സർക്കാർ ഖജനാവിലേക്ക് എത്തും.
പിപിപി വ്യവസ്ഥയിൽ (പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ്) കപ്പൽ നിർമാണശാല ആരംഭിക്കാൻ മാരിടൈം ബോർഡ് ക്ഷണിച്ച ടെൻഡറിൽ രണ്ട് കമ്പനികളാണ് പങ്കെടുത്തത്. ആദ്യ ടെൻഡറിൽ ഒരു കമ്പനിമാത്രം പങ്കെടുത്തതിനാൽ റീ ടെൻഡർ ക്ഷണിക്കുകയായിരുന്നു. 2026 ജനുവരി ഒന്പതിനായിരുന്നു റീ ടെൻഡർ. ഹൈദരാബാദ് ആസ്ഥാനമായ ട്രാവൻകൂർ പ്രിസിഷ്യൻ കമ്പോണന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്. ഭാരതപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിനുസമീപം പഴയ ജങ്കാർ ജെട്ടിക്കുസമീപത്തെ 29 ഏക്കർ ഭൂമി കമ്പനിക്ക് നിബന്ധനകൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ നൽകാനായിരുന്നു തീരുമാനം.
20 മീറ്റർമുതൽ 150 മീറ്റർവരെ നീളമുള്ള കപ്പലുകൾ നിർമിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ 20 മീറ്റർമുതൽ 60 മീറ്റർവരെയുള്ള യാനങ്ങളും തുടർന്ന് കപ്പലുകളും നിർമിക്കും. ക്രൂയിസർ യാത്രാ കപ്പലുകൾക്കുള്ള സൗകര്യങ്ങളും ഒരുക്കാൻ തയ്യാറാണെന്ന് വ്യവസായ വകുപ്പ് പൊന്നാനിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ കമ്പനി അറിയിച്ചിരുന്നു. പദ്ധതിയിൽനിന്ന് ആദ്യ അഞ്ച് വർഷം റവന്യൂ വരുമാനത്തിന്റെ 0.5 ശതമാനമോ 1.5 കോടി രൂപയോ കരാറിൽ ഉറപ്പാക്കിയിരുന്നു. 6,7 വർഷങ്ങളിൽ റവന്യൂ വരുമാനത്തിന്റെ 0.75 ശതമാനമോ 1.5 കോടി രൂപയോ എട്ടാം വർഷംമുതൽ റവന്യൂ വരുമാനത്തിന്റെ ഒരുശതമാനമോ 1.5 കോടി രൂപയോ ഏതാണ് കൂടുതലെങ്കിൽ അത് എന്ന രീതിയിലും സംസ്ഥാന സർക്കാരിന് വരുമാനം ഉറപ്പാക്കി. കമ്പനിയുടെ ലാഭത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ വിഹിതം നിശ്ചയിച്ചത്.
പദ്ധതിയുടെ പ്രാരംഭ നടപടിക്രമങ്ങളിലൊന്നും ഉയരാത്ത എതിർപ്പുകളാണ് പുതിയ സർക്കാർ വന്നതോടെ മുളപൊട്ടിയത്. അതേക്കുറിച്ച് നാളെ....
പദ്ധതിക്ക് തുരങ്കംവയ്ക്കരുത്
പൊന്നാനിയെ തുറമുഖ നഗരമാക്കി മാറ്റാനുള്ള ശ്രമത്തിന് പഴക്കമേറെയുണ്ട്. ഇമ്പിച്ചിബാവയും പാലോളി മുഹമ്മദ്കുട്ടിയും പി ശ്രീരാമകൃഷ്ണനും അതിനായി പരിശ്രമിച്ചു. 2025 ഫെബ്രുവരിയിൽ എംഎൽഎയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിലാണ് പൊന്നാനിയുടെ സ്വപ്നങ്ങൾക്ക് നിറംപകർന്ന് പ്രതീക്ഷയുടെ തുറമുഖകവാടം വീണ്ടും തുറന്നത്. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് ടെൻഡറിലേക്ക് കടന്നത്. നിക്ഷേപക സംഗമംമുതൽ ടെൻഡർ ഘട്ടംവരെ യുഡിഎഫിന്റെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായിരുന്നില്ല. അവര്‍ പദ്ധതിക്ക് അനുകൂലമായിരുന്നു. പൊന്നാനിയുടെ വികസനംമാത്രമായിരുന്നു പൊതുവികാരം. എന്നാൽ, കെ പി നൗഷാദലി എംഎൽഎയായതോടെയാണ് മലക്കംമറിച്ചിൽ. പദ്ധതിക്ക് തുരങ്കംവയ്ക്കരുതെന്നാണ് നാടിന്റെ പൊതു നിലപാട്. 
പി നന്ദകുമാർ (മുന്‍ എംഎല്‍എ)










0 comments