ad
Deshabhimani

ഇ എം എസ് മന്ദിരത്തില്‍ ചെറുകാട്‌ സ്മരണയില്‍ റഫറന്‍സ് ഗ്രന്ഥാലയം

s
avatar
സ്വന്തം ലേഖകന്‍.....

Published on Aug 13, 2026, 12:37 AM | 2 min read

മലപ്പുറം

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തില്‍ ഒരുക്കുന്ന റഫറന്‍സ് ഗ്രന്ഥാലയത്തിന് എഴുത്തുകാരനും നാടകകൃത്തും കമ്യൂണിസ്റ്റ് ചിന്തകനുമായ ചെറുകാടിന്റെ (ചെറുകാട് ഗോവിന്ദ പിഷാരടി) പേരിടും. ജില്ലയിലെ പുലാമന്തോളില്‍ 1914 ആഗസ്ത് 26ന് ജനിച്ച ചെറുകാട് എഴുത്തിലൂടെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രതിഫലിപ്പിച്ചു. കോളേജ് പ്രൊഫസറായിരുന്ന അദ്ദേഹത്തെ പാര്‍ടിബന്ധം ആരോപിച്ച് ജോലിയില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. വള്ളുവനാട് ടീച്ചേഴ്സ് യൂണിയന്‍, കേന്ദ്ര കലാസമിതി, കേരള സാഹിത്യ സമിതി, പുരോഗമന സാഹിത്യ സംഘടന, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. 1948ല്‍ മക്കരപ്പറമ്പ് ജാഥാക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു. മുത്തശ്ശി, മണ്ണിന്റെ മാറില്‍, ദേവലോകം, തിരമാല, തെരുവിന്റെ കുട്ടി, മരുമകള്‍, ഭൂപ്രഭു, ഒടുക്കത്തെ ഓണം, കുട്ടിത്തമ്പുരാന്‍, അടിമ തുടങ്ങിയവ പ്രധാന കൃതികളാണ്. "മലങ്കാടന്‍' പേരില്‍ ഹാസ്യ കവിതകളും എഴുതി. 1959ലെ വിമോചന സമരത്തിന്റെ പശ്ചാത്തലത്തില്‍ "ശനിദശ' നോവല്‍ രചിച്ചു. ആത്മകഥ "ജീവിതപ്പാത'യ്ക്ക് അവതാരികയെഴുതിയത് ഇ എം എസാണ്. മലയാളത്തിന്റെ "മാക്സിം ഗോര്‍ക്കി' എന്നാണ് പി ഗോവിന്ദപ്പിള്ള ചെറുകാടിനെ വിശേഷിപ്പിച്ചത്. 1976 ഒക്ടോബര്‍ 28ന് അന്തരിച്ചു.

ചെറുകാടിന്റെ സ്മരണാര്‍ഥം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ സജ്ജമാക്കുന്ന റഫറന്‍സ് ഗ്രന്ഥാലയത്തില്‍ അയ്യായിരത്തോളം ആധികാരിക ഗ്രന്ഥങ്ങളുടെ ശേഖരമുണ്ടാകും. കാഴ്ചപരിമിതര്‍ക്ക് ഉപയോഗിക്കാവുന്ന പുസ്തകങ്ങളും ലഭ്യമാക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിരവധിയാളുകളാണ് പുസ്തകങ്ങള്‍ സംഭാവനചെയ്യുന്നത്. അന്തരിച്ച നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടെയും പുസ്തകശേഖരം കുടുംബാംഗങ്ങള്‍ വാഗ്‌ദാനംചെയ്തിട്ടുണ്ട്. 20ന് പകല്‍ രണ്ടിന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ഗ്രന്ഥാലയം നാടിന് സമര്‍പ്പിക്കും.


ടി കെ ഹംസ പുസ്തകങ്ങള്‍ നല്‍കി

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തില്‍ ഒരുക്കുന്ന ചെറുകാട് സ്മാരക റഫറന്‍സ് ഗ്രന്ഥാലയത്തിലേക്ക് സിപിഐ എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ടി കെ ഹംസ പുസ്തകങ്ങള്‍ കൈമാറി. മഞ്ചേരി മുള്ളമ്പാറയിലെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി വി പി അനില്‍ ഏറ്റുവാങ്ങി. ഇ എം എസിനെക്കുറിച്ചും രക്തസാക്ഷി കുഞ്ഞാലിയെക്കുറിച്ചും മറ്റ് രക്തസാക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഏരിയാ സെക്രട്ടറി അഡ്വ. കെ ഫിറോസ് ബാബു, മുന്‍ ജില്ലാ കമ്മിറ്റിയംഗം അസൈന്‍ കാരാട്ട്, ഏരിയാ കമ്മിറ്റിയംഗങ്ങളായ വി കെ മുരളി, രാജന്‍ പരുത്തിപ്പറ്റ, എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദലി ശിഹാബ് എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home