ജീവനക്കാരെ ഓടിച്ച് സർക്കാർ

സുധ സുന്ദരന്‍
Published on Aug 13, 2026, 12:35 AM | 2 min read
മലപ്പുറം
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കാസർകോട്ടേക്ക്, സഹകരണ വകുപ്പ് അസി. രജിസ്‌ട്രാർ തിരുവനന്തപുരത്തേക്ക്. യുഡിഎഫ് സർക്കാരിന്റെ അന്യായ സ്ഥലമാറ്റ നടപടിയിൽ ഉദ്യോഗസ്ഥരുടെ പ്രതിസന്ധി തുടർക്കഥയാവുന്നു. മാനദണ്ഡങ്ങളും ചട്ടങ്ങളും അട്ടിമറിച്ച് ജില്ലയിൽനിന്ന് വിവിധ വകുപ്പുകളിലായി ഇതുവരെ ആയിരത്തിലേറെ ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. സഹകരണം, തദ്ദേശഭരണം, ആരോഗ്യം, റവന്യൂ, കൃഷി, വിദ്യാഭ്യാസം, ഫിഷറീസ്, ആയുർവേദം, ട്രഷറി, പിഡബ്ല്യുഡി, വ്യവസായം തുടങ്ങിയ വകുപ്പുകളിലാണ് വ്യാപക മാറ്റം. ഭരണസൗകര്യാർഥം എന്ന പേരിലാണ് ജില്ലയ്‌ക്കുള്ളിൽ ദീർഘ ദൂരത്തേക്കും മറ്റ് ജില്ലകളിലേക്കും ജീവനക്കാരെ മാറ്റുന്നത്.
ജില്ലയിലെ ആദ്യ സ്ഥലമാറ്റം സഹകരണവകുപ്പിലാണ് നടപ്പാക്കിയത്. ഏകദേശം 125ഓളം ജീവനക്കാരെയാണ് മാറ്റിയത്. അസിസ്റ്റന്റ് രജിസ്‌ട്രാർ, ഡെപ്യൂട്ടി രജിസ്‌ട്രാർ, ജോയിന്റ് രജിസ്‌ട്രാർ തുടങ്ങിയവരെ ജില്ലക്ക് പുറത്തേക്ക് മാറ്റി. വകുപ്പിലെ ഓഫീസ് അസിസ്റ്റന്റുമാരെ (ഒഎ) മാനദണ്ഡവിരുദ്ധമായി ദൂരത്തേക്ക് മാറ്റി. ഭരണസൗകര്യാർഥം എന്നാണ് ഉത്തരവിലെ പരാമർശമെങ്കിലും തീർത്തും അന്യായമായാണ് സ്ഥലമാറ്റം നടപ്പാക്കിയത്. ആരോഗ്യവകുപ്പിൽ 250ൽ ഏറെ ജീവനക്കാരെയാണ് മാറ്റിയത്. തെരഞ്ഞെടുപ്പിനുമുമ്പ് ജീവനക്കാരിൽനിന്ന് പൊതുസ്ഥലമാറ്റത്തിനായി ക്ഷണിച്ച അപേക്ഷ പരിഗണിക്കാതെയാണ് നടപടി. ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ക്ലർക്ക്, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് എന്നീ വിഭാഗം ജീവനക്കാരെയും മാറ്റി. മൂന്നുവർഷത്തിൽ താഴെ സർവീസുള്ള ജീവനക്കാർക്ക് ഒരു സ്ഥലത്ത്/കേന്ദ്രത്തിൽ മൂന്നുവർഷം തുടരാം എന്നിരിക്കെയാണ് അന്യായ നടപടി. ഭരണമാറ്റമുണ്ടായപ്പോൾതന്നെ ക്ലർക്കുമാരെ വർക്ക് അറേജ്‌മെന്റ് എന്ന പേരിൽ മാറ്റിയിരുന്നു. പഞ്ചായത്ത് വകുപ്പിൽ വിവിധ തസ്‌തികകളിലെ മുന്നൂറോളം ജീവനക്കാരെയാണ് മാറ്റിയത്. ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഡ്രൈവർ തുടങ്ങിയ തസ്‌തികകളിലെ ജീവനക്കാരെ മാറ്റി.
തദ്ദേശ സ്വയംഭരണ വകുപ്പിലും (എൽഎസ്‌ജിഡി) ഓഫീസ് അസിസ്റ്റന്റുമാരെ ഉൾപ്പെടെ മാറ്റി. പൊതു സ്ഥലമാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കാതെയാണ് നടപടി. യുഡിഎഫ് സർക്കാരിന്റെ അന്യായമായ സ്ഥലമാറ്റ നടപടിക്കെതിരെ വിവിധ ഘട്ടങ്ങളിലായി എൻജിഒ യൂണിയനും എഫ്‌എസ്‌ഇടിഒയും പ്രതിഷേധമുയർത്തി. ഇതോടെ ചെറിയ തിരുത്തലുകൾ വരുത്താൻ ഓഫീസ് മേധാവികൾ തയ്യാറായി.
എന്നാൽ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് ഓഫീസ് മേധാവികളിൽ സമർദംചെലുത്തി സ്ഥലമാറ്റം തുടരുകയാണ്.
എഫ്‌എസ്‌ഇടിഒ കലക്ടറേറ്റ് മാർച്ച് ഇന്ന്
യുഡിഎഫ് സർക്കാരിന്റെ അന്യായമായ സ്ഥലമാറ്റ നടപടിക്കെതിരെ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ വ്യാഴാഴ്‌ച കലക്ടറേറ്റ് മാർച്ച് നടത്തും. പകൽ 12ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്‌ഘാടനംചെയ്യും.










0 comments