ഡയാലിസിസ് സെന്ററിലെ നഴ്സുമാർക്ക് മഞ്ഞപ്പിത്തം
ആരോഗ്യ വകുപ്പിന്റെ കടുത്ത അനാസ്ഥയെന്ന് ആരോപണം

എടക്കര
സിഎച്ച്സി ഡയാലിസിസ് സെന്ററിലെ നഴ്സുമാർക്ക് മഞ്ഞപ്പിത്തം ബാധിച്ചതിൽ ആരോഗ്യ വകുപ്പ് കടുത്ത അനാസ്ഥ കാണിച്ചതായി ആരോപണം. ചുങ്കത്തറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ രണ്ട് നഴ്സുമാർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തതയില്ല. ആദ്യമൊരു നഴ്സിന് മഞ്ഞപ്പിത്തം ബാധിച്ചു. എന്നാൽ, രക്തം ടെസ്റ്റിന് അയച്ചശേഷവും ഇവർ ഡയാലിസിസ് സെന്ററിൽ ഡ്യൂട്ടി എടുത്തതായാണ് പരാതി. പനിക്കാണ് ഡോക്ടറെ കണ്ടത്. സംശയംതോന്നി രക്തം പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു. ഇവരിൽനിന്നാണ് മറ്റൊരു നഴ്സിനുകൂടി മഞ്ഞപ്പിത്തം പടർന്നത്. തുടർന്ന് ഇരുവരും അവധിയിൽപ്പോയി. അതീവ സുരക്ഷയോടെ കൈകാര്യംചെയ്യേണ്ട ഡയാലിസിസ് യൂണിറ്റിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. 2017ൽ സംസ്ഥാനത്ത് ആദ്യമായി സിഎച്ച്സിയിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചത് ചുങ്കത്തറയിലാണ്. നിലവിൽ നാല് ഷിഫ്റ്റിലായി 115 പേർ ഡയാലിസിസിനായി ഓരോദിവസവും കേന്ദ്രത്തെ ആശ്രയിക്കുന്നു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തനം.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മാതൃകാപരമായി പ്രവർത്തിച്ച ആരോഗ്യ കേന്ദ്രത്തിലാണ് ഡയാലിസിസ് രോഗികൾക്ക് അപകടം സംഭവിക്കുംവിധമുള്ള വീഴ്ച. യുഡിഎഫ് ഭരിക്കുന്ന ചുങ്കത്തറ പഞ്ചായത്തും നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തും സ്ഥലം എംഎൽഎ ആര്യാടൻ ഷൗക്കത്തും ആരോഗ്യകേന്ദ്രത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും ആക്ഷേപമുണ്ട്.








0 comments