ad
Deshabhimani

കടുവ പശുവിനെ കൊന്ന സംഭവം

കൂട് സ്ഥാപിക്കുന്നതിൽ വനം വകുപ്പിൽ തർക്കം

s

കടുവ ആക്രമിച്ച് കൊന്ന പശുവിനെ വനം വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 13, 2026, 12:39 AM | 1 min read

എടക്കര

ചോളമുണ്ടയിൽ കടുവ പശുവിനെ കൊന്ന പ്രദേശത്ത്‌ കൂട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ വനം വകുപ്പിൽ തർക്കം. കടുവ ഇറങ്ങിയ വനം നിലമ്പൂർ സൗത്ത് ഡിവിഷനും പശുവിനെ ആക്രമിച്ചത് നോർത്ത് ഡിവിഷനിലുമാണെന്നതാണ്‌ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തർക്കം. ജനങ്ങൾ ഭീതിയിൽ കഴിയുന്നതിനിടയിലാണ്‌ കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട വനം വകുപ്പിന്റെ "അതിർത്തി' തർക്കം.

തിങ്കൾ വൈകിട്ട് അഞ്ചിനാണ് കടുവ പശുവിനെ ഉടമയായ പൊറ്റയിൽ മൂസയുടെ കൺമുമ്പിലിട്ട് പിടിച്ചത്. ബഹളംവച്ചതോടെ കടുവ കാട് കയറി. ആക്രമണത്തിൽ പരിക്കേറ്റ പശു പിറ്റേ ദിവസം ചത്തു. ബുധൻ രാവിലെ ഫോറസ്റ്റ് വെറ്ററിനറി സർജൻ ചോളമുണ്ടയിലെത്തി പോസ്റ്റ്മോർട്ടം നടത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സംസ്കരിച്ചു. കടുവയുടെ ആക്രമണമാണ് മരണ കാരണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. കടുവയിറങ്ങിയ വനപ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ രണ്ട് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. സൗത്ത് ഡിവിഷന്റെ പരിധിയിലല്ല കടുവയെ പിടിക്കാനുള്ള കൂട് സ്ഥാപിക്കേണ്ടത് എന്നാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ച പടുക്ക ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാദം. നോർത്ത് ഡിവിഷനിലെ വള്ളുവശ്ശേരി ബീറ്റ് പരിധിയിലാണ് കൂട് സ്ഥാപിക്കേണ്ടതെന്നും അവരാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത് എന്നുമാണ് നിലവിലെ തർക്കം. അതേ സമയം പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. രാത്രിയിൽ വീടിന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. മേഖലയിൽ റബർ ടാപ്പിങ്‌ പൂർണമായും നിലച്ചു. കർഷകർക്ക് കൃഷിയിടത്തിലിറങ്ങാനും ഭയമാണ്. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യം. വനം വകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചാൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home