സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം


സ്വന്തം ലേഖകൻ
Published on Sep 25, 2026, 01:15 AM | 1 min read
നിലമ്പൂർ
പനിയും പകര്‍ച്ചവ്യാധികളും പടരുമ്പോള്‍ ജില്ലയിൽ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം. മലയോരത്തെ സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമായതോടെ ആദിവാസികളടക്കമുള്ളവർ ദുരിതത്തിലായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി ജില്ലാ ആശുപത്രികൾവരെയാണ് മരുന്നുകളുടെ ലഭ്യതക്കുറവ് നേരിടുന്നത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന രോഗികൾക്ക് സൗജന്യമായി ലഭിക്കേണ്ട മരുന്നുകൾപോലും പണം നൽകി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. പനി, വേദന, അണുബാധ തുടങ്ങിയ സാധാരണ രോഗങ്ങൾക്കുള്ള മരുന്നുകൾക്കൊപ്പം ഇഞ്ചക്ഷനുകള്‍ക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകൾക്കും ക്ഷാമമുണ്ടെന്നാണ് പരാതി. ദിവസങ്ങളോളം തുടർച്ചയായി കഴിക്കേണ്ട മരുന്നുകൾ ലഭിക്കാതെ വരുന്നത് ചികിത്സയെയും ബാധിക്കുന്നുണ്ട്.
സൗജന്യ മരുന്നിനെ ആശ്രയിക്കുന്ന ആദിവാസി കുടുംബങ്ങളെയും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളെയുമാണ് ക്ഷാമം കൂടുതലായും ബാധിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്കുകീഴിലെ വയോമിത്രം, പരിരക്ഷാ പദ്ധതികളുടെ നടത്തിപ്പിനെയും മരുന്നുക്ഷാമം ബാധിച്ചിട്ടുണ്ട്. പിഎച്ച്സിമുതൽ ജില്ലാ ആശുപത്രിവരെ ആവശ്യമായ അവശ്യമരുന്നുകളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പാലിയേറ്റീവ് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.









0 comments